‘റിമൂവ് ചൈന ആപ്പ്‌സ്’ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു
ഫോണുകളില്‍ നിന്ന് ചൈനീസ് ആപ്പുകള്‍ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ‘റിമൂവ് ചൈന ആപ്പ്‌സ്’ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ജയ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വണ്‍ടച്ച്ആപ്പ്ലാബ്‌സ് വിവരം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. ടിക്ക്‌ടോക്കിനുള്ള ഇന്ത്യന്‍ ബദലായി ഇറക്കിയ മിത്രോന്‍ ആപ്പും നേരത്തെ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇതിനുള്ള കാരണം എന്താണെന്ന് ഗൂഗിള്‍ വ്യക്ത്മാക്കിയിട്ടില്ല.
പോളിസിക്ക് വിരുദ്ധമായ ആപ്പുകളെയാണ് പ്ലേസ്റ്റോര്‍ സാധാരണയായി നീക്കം ചെയ്യാറ്. വിവിധ തരത്തിലുള്ള പോളിസി വയലേഷനുകള്‍ രണ്ട് ആപ്പുകളും നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്‌തെങ്കിലും നേരത്തെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ആപ്പ് പ്രവര്‍ത്തിക്കും.
50 ലക്ഷത്തില്‍ അധികം ആളുകളാണ് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ വരെ ആപ്പ് പ്ലേസ്റ്റോറിന്റെ ഫ്രീ ആപ്പ് ലിസ്റ്റില്‍ ഒന്നാമതായിരുന്നു.
അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട ചൈനയുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ചൈനീസ് ആപ്പുകള്‍ നീക്കം ചെയ്യാനുള്ള ആഹ്വാനവുമായി സമൂഹമാധ്യമങ്ങള്‍ രംഗത്തെത്തിയത്. സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്യാംപയിനെ പിന്തുണച്ചിരുന്നു. ഓരോ ആപ്പുകളായി സെലക്ട് ചെയ്ത് നീക്കം ചെയ്യുന്നതിനു പകരം എളുപ്പത്തില്‍ ചൈനീസ് ആപ്പുകള്‍ കണ്ടുപിടിക്കാനും നീക്കം ചെയ്യാനും സഹായിക്കുന്നതായിരുന്നു റിമൂവ് ചൈന ആപ്പ്‌സ്.
ആമിര്‍ ഖാന്റെ ത്രീ ഇഡിയറ്റ്‌സ് എന്ന സിനിമയ്ക്ക് പ്രചോദനമായ എഞ്ചിനീയര്‍ സോനം വാങ്ചക് ആണ് ഈ ആശയം ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് ഇത് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.