ചികിത്സയിലിരിക്കെ രോഗിയുടെ കണ്ണിന് താഴെ എലി കടിച്ചു; ഗുരുതര വീഴ്ച്ച
മുംബൈ: ആശുപത്രിയില്‍ ചികിത്സയിരിക്കെ രോഗിയുടെ കണ്ണിന് താഴെ എലി കടിച്ചതായി പരാതി. ബുഎംസിയുടെ കീഴിലുള്ള രജവാടി ആശുപത്രിയിലാണ് സംഭവം നടന്നത്. അതേസമയം രോഗിക്ക് പരിക്കുകളില്ലെന്നും കണ്ണിനെ ബാധിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണിന്റെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയതായിരുന്നു 24കാരനായ യെല്ലപ്പെയെന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരമൊരു സംഭവം ഒരിക്കലും നടക്കാന്‍ പാടില്ലായിരുന്നുവെന്ന് രജവാഡി ആശുപത്രി ഡീന്‍ വിദ്യാ താക്കൂര്‍ പ്രതികരിച്ചു.
വാര്‍ഡ് താഴത്തെ നിലയിലാണെന്നും ആശുപത്രിയിലെത്തുന്നവര്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ആശുപത്രിക്ക് സമീപം വലിച്ചെറിയുന്നതാണ് ഇതിന് കാരണമെന്നും ഇവര്‍ കുറ്റപ്പെടുത്തി. പലതവണ താക്കീത് നല്‍കിയിട്ടും ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നത് തുടരുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സഹോദരനെ കാണാന്‍ ആശുപത്രിയില്‍ ചെന്നപ്പോഴാണ് മുറിവ് ശ്രദ്ധയില്‍പ്പെട്ടതെന്നും അവന്‍ ഗുരുതരാവസ്ഥയിലാണെന്നും യെല്ലപ്പയുടെ സഹോദരി പ്രതികരിച്ചു. എന്തെങ്കിലും സംഭവിച്ചാല്‍ ആശുപത്രി അധികൃതരാകും ഉത്തരവാദികളെന്നും സഹോദരി പറഞ്ഞു. സംഭവത്തില്‍ മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.