കൊല്ലം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ഭര്‍ത്തൃഗൃഹത്തില്‍ തീപ്പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഇളമ്പല്‍ അജിഭവനില്‍ അജിയുടെ ഭാര്യ ലിജി ജോണ്‍ (34) അണ് മരിച്ചത്. വീട്ടിലെ അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടത്.
സംഭവസമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ഒന്‍പതും അഞ്ചും വയസ്സുള്ള മക്കള്‍ ആരോണിനെയും ആബേലിനെയും സമീപത്തെ ബന്ധുവീട്ടില്‍ ട്യൂഷന് അയച്ചിരുന്നു. കുട്ടികള്‍ മടങ്ങിയെത്തി വീട്ടില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും കതക് തുറക്കാനായില്ല.
ബന്ധുവിന്റെ സഹായത്തോടെ ഉള്ളില്‍ കടന്നപ്പോഴാണ് അടുക്കളയില്‍ മൃതദേഹം കണ്ടത്. ലിജിയുടെ ഭര്‍ത്തൃമാതാപിതാക്കള്‍ സംഭവസമയം തൊഴിലുറപ്പ് ജോലിക്കായി പുറത്തായിരുന്നു. ഭര്‍ത്താവ് അജി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ്. അജിയും വീട്ടിലുണ്ടായിരുന്നില്ല.
ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പോലീസ്. പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്ന ലിജി ഏതാനും ദിവസങ്ങളായി അവധിയിലായിരുന്നു. കൊട്ടാരക്കരയില്‍ ഐ.ഇ.എല്‍.ടി.എസ് കോഴ്‌സിനു ചേര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുത്തുവരികയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.