NationalNews

'മദ്യപാനം പൂര്‍ണമായും നിര്‍ത്തി, ആരോഗ്യം വീണ്ടെടുത്ത് എനിക്ക് പഴയതുപോലെയാകണം', മനസുതുറന്ന് വിനോദ് കാംബ്ലി

മുംബൈ: മദ്യപാനവും പുകവലിയുമെല്ലാം പൂര്‍ണമായും നിര്‍ത്തിയെന്നും താന്‍ വീണ്ടും ആരോഗ്യം വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണെന്നും മുന്‍ ഇന്ത്യൻ താരം വിനോദ് കാംബ്ലി. കുടുംബം കൂടെയുള്ളിടത്തോളം കാലം ജീവിതത്തിൽ തനിക്കൊന്നും പേടിക്കാനില്ലെന്നും ലഹരിവിമുക്ത ചികിത്സക്ക് വീണ്ടും തയാറാണെന്നും വിക്കി ലവ്‌ലാനിയുടെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കാംബ്ലി പറഞ്ഞു.

മദ്യപാനമാണ് തന്‍റെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന് കാംബ്ലി തുറന്നു പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ആറ് മാസമായി ഞാന്‍ ഒരു തുള്ളി മദ്യം ഉപയോഗിക്കുകയോ പുകവലിക്കുകയോ ചെയ്തിട്ടില്ല. എല്ലാം ഞാന്‍ നിര്‍ത്തി. ഇതൊക്കെ ചെയ്തത് എന്‍റെ മക്കളെ ഓര്‍ത്താണ്. ഇത് ഞാന്‍ നേരത്തെ ചെയ്യേണ്ടതായിരുന്നു. പക്ഷെ അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.

നിരവധി മുന്‍ താരങ്ങള്‍ എന്നെ സഹായിക്കാന്‍ മുന്നോട്ടുവന്നിരുന്നു. സുനില്‍ ഗവാസ്കര്‍ എന്നെ വിളിച്ചിരുന്നു. എന്‍റെ അടുത്ത സുഹൃത്തായ അജയ് ജഡേജ എന്നെ കാണാൻ വന്നു. ബിസിസിഐയില്‍ അബി കുരുവിളയുണ്ട്. അദ്ദേഹം എപ്പോഴും എന്നോടും ഭാര്യയോടും സംസാരിക്കാറുണ്ട്. ലഹരിവിമുക്ത ചികിത്സക്ക് തയാറാണെങ്കില്‍ സഹായിക്കാമെന്ന കപില്‍ ദേവിന്‍റെ വാഗാദ്നം സ്വീകരിക്കുന്നു. 14 തവണ ചികിത്സ നടത്തിയെങ്കിലും സാമ്പത്തികമായി ആരെങ്കിലും സഹായിച്ചാല്‍ ഇനിയും ഞാന്‍ അതിന് തയാറാണ്.

ഈ മാസം മൂന്നിന് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ഗുരു രാമകാന്ത് അച്ഛരേക്കറുടെ ഓര്‍മദിനത്തില്‍ പൊതുവേദിയിലെത്തിയ കാംബ്ലിയുടെ ശാരീരികാവസ്ഥ ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാല്‍ മൂത്രത്തില്‍ പഴുപ്പുമൂലം താന്‍ കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നുവെന്നും എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും കാംബ്ലി പറഞ്ഞു. മകന്‍ ജീസസ് ക്രിസ്റ്റ്യനോയും 10 വയസുകാരിയയാ മകളും ഭാര്യയും എല്ലാം ചേര്‍ന്നാണ് എന്നെ താങ്ങി നിര്‍ത്തിയത്. അവര്‍ എല്ലരീതിയിലും എന്നെ സഹായിക്കുന്നുണ്ട്. എന്‍റെ ഏറ്റവും മോശം അവസ്ഥയിലും പാറപോലെ അവര്‍ എന്‍റെ പിന്നില്‍ ഉറച്ചുനിന്നു. ഇപ്പോള്‍ ആരോഗ്യസ്ഥിതി ഏറെ മെച്ചപ്പെട്ടു. എന്നാൽ സാമ്പത്തികമായി ആകെ മോശം അവസ്ഥയിലാണ്.

ബിസിസിഐയില്‍ നിന്ന് പെന്‍ഷനായി കിട്ടുന്ന 30000 രൂപ മാത്രമാണ് ആകെയുള്ള വരുമാനം. ക്രിക്കറ്റിലും സാമ്പത്തികമായും സച്ചിന്‍ എല്ലാ രീതിയിലും എന്നെ സഹായിച്ചിട്ടുണ്ട്. 2013ല്‍ എനിക്ക് രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. സച്ചിനായിരുന്നു അതിന് സാമ്പത്തികമായി സഹായിച്ചത്. എന്നാലും ചില സമയത്ത് സച്ചിന്‍ സഹായിച്ചില്ലെന്ന തോന്നലുണ്ടാകും.

അപ്പോള്‍ മനസാകെ അസ്വസ്ഥമാകും. ബാല്യകാല സുഹൃത്തായതിനാലാണ് അങ്ങനെ തോന്നുന്നത്. അങ്ങനെയൊരു തോന്നല്‍ വരുമ്പോഴൊക്കെ താന്‍ സച്ചിനെ ഫോണില്‍ വിളിക്കാറുണ്ടെന്നും കാംബ്ലി പറഞ്ഞു. ഇന്ത്യക്കായി 17 ടെസ്റ്റുകളില്‍ കളിച്ച കാംബ്ലി 54.20 ശരാശരിയില്‍ നാലു സെഞ്ചുറികള്‍ സഹിതം 1084 റണ്‍സടിച്ചിട്ടുണ്ട്. 104 ഏകദിനങ്ങളില്‍ 2477 റണ്‍സും കാംബ്ലി നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker