തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാതെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തന്നെ അപമാനിച്ചുവെന്ന പരാതിയുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു.
പ്രതിപക്ഷ നേതാവായി പുതിയ ആളെ നേരത്തെ നിശ്ചയിച്ചിരുന്നുവെങ്കില്‍ തന്നെ മുന്‍കൂട്ടി അറിയിക്കുന്നതായിരുന്നു ഉചിതം. അറിയിച്ചിരുന്നെങ്കില്‍ താന്‍ സ്വയം പിന്മാറുമായിരുന്നു. ഫലത്തില്‍ തന്നെ ഒഴിവാക്കി അപമാനിക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല കത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അഴിമതികളെല്ലാം താന്‍ പുറത്തുകൊണ്ടുവന്നിരുന്നു. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തി. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും തനിക്ക് സ്വീകാര്യത ലഭിച്ചില്ല. സംഘടനാ ദൗര്‍ബല്യമാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് പ്രധാന കാരണമെന്നും ചെന്നിത്തല കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഇക്കാര്യങ്ങളെല്ലാം ഹൈക്കമാന്‍ഡ് നിയോഗിച്ച അശോക് ചവാന്‍ സമിതിക്ക് മുന്നിലും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സോണിയയ്ക്ക് കത്തയച്ചിരിക്കുന്നത്.
അതേസമയം യു.ഡി.എഫ് ചെയര്‍മാനായി പ്രതിപക്ഷ നേതാവ് വി. ഡി സതീശനെ തെരഞ്ഞെടുത്തു. നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുള്ള ആദ്യ യുഡിഎഫ് ഏകോപന സമിതിയോഗത്തിലാണ് തീരുമാനം.
യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസനാണ് യുഡിഎഫ് ചെയര്‍മാനായി വി.ഡി. സതീശനെ തെരഞ്ഞെടുത്ത കാര്യം മാധ്യമങ്ങളോട് പങ്കുവച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷം യുഡിഎഫ് ചെയര്‍മാനായി രമേശ് ചെന്നിത്തല വഹിച്ച പങ്കിനെ നന്ദിയോടെ സ്മരിക്കുന്നതായി എം.എം. ഹസന്‍ പറഞ്ഞു.