ട്രാക്കില്‍ വീണയാളെ രക്ഷപ്പെടുത്താൻ ‘മിന്നലായി ജീവനക്കാരൻ’– വിഡിയോ
കൊൽക്കത്ത∙ ബംഗാളിലെ ബാലിചാക് റെയിൽവേ സ്റ്റേഷനിൽ എല്ലാ ദിവസത്തെയും പോലെ ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു റെയിൽവേ ജീവനക്കാരനായ എച്ച്. സതീഷ് കുമാർ. ട്രെയിൻ എത്തും മുൻപേ സിഗ്‌നൽ നൽകാനായി പതാകയുമായി പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോഴാണ് ഒരാൾ റെയിൽവേ ട്രാക്കിൽ വീണ് കിടക്കുന്നത് സതീഷ് കുമാറിന്റെ ശ്രദ്ധയിൽപെട്ടത്. കയ്യിൽ ഉണ്ടായിരുന്ന സിഗ്‌നൽ പതാകകൾ വലിച്ചെറിഞ്ഞ് സതീഷ് റെയിൽവേ ട്രാക്കിലേക്ക് കുതിച്ചു.
മിന്നൽവേഗത്തിൽ ട്രാക്കിൽ എത്തി ആളെ എടുത്ത് തൊട്ടടുത്ത ഭാഗത്തേക്കു കിടത്തി. തൊട്ടുപിന്നാലെ ഗുഡ്സ് ട്രെയിൻ കടന്നു പോകുകയും ചെയ്‌തു. വ്യാഴാഴ്‌ച നടന്ന സംഭവത്തിന്റെ 24 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു. ഇതിന്റെ ദൃശ്യങ്ങൾ റെയിൽവേ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവയ്ക്കുകയും സതീഷ് കുമാറിന്റെ ധീരതയെ അഭിനന്ദിക്കുകയും ചെയ്തു.