പറ്റ്‌ന: ബീഹാറില്‍ തെരഞ്ഞെടുപ്പ് പോരാട്ടം കടുക്കുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും പ്രചരണ റാലികളില്‍ വിവിധ പ്രശ്‌നങ്ങളാണ് ചൂണ്ടി കാണിക്കുന്നത്. ഇതിനിടയില്‍ മോദി ജനങ്ങളോട് കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ചൈനീസ് പട്ടാളം ഇരുപത് സൈനികരെ കൊലപ്പെടുത്തി ഇന്ത്യന്‍ മണ്ണ് കയ്യേറി. എന്നിട്ടും ഇന്ത്യയുടെ ഒരു തുണ്ട് ഭൂമിപോലും ആരും കയ്യേറിയിട്ടില്ലെന്ന് മോദി പറഞ്ഞത് എന്തിനാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴില്‍ എവിടെയെന്നും രാഹുല്‍ ഗാന്ധി പ്രചാരണത്തിനിടെ ചോദിച്ചു. ആര്‍ജെഡി നേതാവ് തേജസ്വി യാദവിനൊപ്പമുള്ള റായിലിയിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.
അതേസമയം ജമ്മുകശ്മീര്‍ വിഭജനവും പുല്‍വാമയും ഉയര്‍ത്തി കാട്ടിയായിരുന്നു ബീഹാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികള്‍. നിതീഷ് കുമാറിനൊപ്പമായിരുന്നു മോദിയുടെ ആദ്യ റാലി. ജമ്മുകശ്മീരിന്റെ 370-ാം അനുഛേദം റദ്ദാക്കിയത് എന്‍.ഡി.എ സര്‍ക്കാരാണ്. ആ തീരുമാനം പിന്‍വലിക്കണമെന്ന് പറയുന്നവരാണ് പ്രതിപക്ഷം. എന്ത് ധൈര്യത്തിലാണ് അവര്‍ ബീഹാര്‍ ജനതയോട് വോട്ടുതേടുന്നതെന്ന് മോദി ചോദിച്ചു.
ആദ്യഘട്ട വോട്ടെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് രാഷ്ട്രീയക്കളം ചൂടുപിടിപ്പിക്കാന്‍ മോദിയും രാഹുലും എത്തിയിരിക്കുന്നത്. ഇരുവരും ബീഹാറില്‍ എത്തിയതോടെ പ്രചരണത്തിനും ചുടേറിയിട്ടുണ്ട്.