‘മാറിടങ്ങൾ വലുതാക്കി കൂടെ, അവസരങ്ങൾ ലഭിക്കും’ തുടക്കകാലത്തുണ്ടായ അനുഭവം വെളിപ്പെടുത്തി രാധിക ആപ്‌തെ
മുംബൈ:ബോളിവുഡിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളാണ് രാധിക ആപ്‌തെ. ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ സിനിമകളിലും രാധിക ആപ്‌തെ തിളങ്ങിയിട്ടുണ്ട്. ബോളിവുഡിലെ നായിക സങ്കല്‍പ്പങ്ങളെയൊക്കെ തന്നെ മാറ്റി മറിച്ച നായികമാരിൽ ഒരാളാണ് രാധിക ആപ്‌തെ. സമാന്തര സിനിമകളിലൂടെയാണ് രാധിക ശ്രദ്ധ നേടുന്നത്. ഒടിടിയുടെ കടന്നു വരവോടെ കൂടുതല്‍ ഹിറ്റ് സിനിമകളുടെ ഭാഗമാകാനും രാധികയ്ക്ക് സാധിച്ചു.
സിനിമയ്ക്ക് പുറത്ത് തന്റെ നിലപാടുകളിലൂടെയും രാധിക ആരാധകരുടെ കയ്യടി നേടാറുണ്ട്. പല തുറന്ന് പറച്ചിലുകളിലൂടേയും അഭിപ്രായ പ്രകടനങ്ങളിലൂടേയും ബോളിവുഡില്‍ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ശക്തമായ ശബ്ദമായി മാറാന്‍ രാധികയ്ക്ക് സാധിച്ചിട്ടുണ്ട്. ബോളിവുഡിലെ താര കുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെ തന്നെ ബോളിവുഡിൽ ഒരിടം കണ്ടെത്തിയ നായികയാണ് രാധിക.
അതുകൊണ്ട് തന്നെ കരിയറിൽ ധാരാളം പ്രതിസന്ധികളും രാധികയ്ക്ക് മറി കടക്കേണ്ടതായി വന്നിട്ടുണ്ട്. ആരംഭത്തിൽ സിനിമ മേഖലയില്‍ നിന്നും പല തരത്തിലുള്ള വിവേചനങ്ങളും രാധികയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ, അതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് രാധിക. മറ്റു പല നടിമാർക്കും ഉണ്ടായിട്ടുള്ളത് പോലെ സിനിമയിൽ നിന്ന് കടുത്ത രീതിയിലുള്ള ബോഡി ഷെയിമിങ് താൻ അനുഭവിച്ചിട്ടുണ്ട് എന്നാണ് രാധിക പറഞ്ഞത്.
നല്ല മൂക്കും വലിയ മാറിടവും ആക്കിയെടുത്ത് വരാൻ തന്നോട് പറഞ്ഞതായും രാധിക വെളിപ്പെടുത്തുന്നു. തന്റെ ഏറ്റവും പുതിയ ഓടിടി റിലീസിന് മുന്നോടിയായി ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് രാധിക ആപ്‌തെ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. സിനിമാ വ്യവസായത്തിൽ നിറയെ മോശം ആളുകൾ ഉണ്ടെന്നും ചിലർ തന്നോട് പെരുമാറിയ രീതി മോശമായിരുന്നു എന്നുമാണ് രാധിക പറഞ്ഞത്. നടിയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.
പലർക്കും തന്നെ കുറിച്ചുള്ള ധാരണകൾ വിചിത്രമാണെന്ന് രാധിക പറയുന്നു. ബദ്‌ലാപൂർ ചെയ്യുന്നതുവരെ തനിക്ക് ഗ്രാമീണ പെൺകുട്ടി കഥാപാത്രങ്ങൾ മാത്രമേ ചെയ്യാൻ കഴിയൂ എന്നാണ് ആളുകൾ കരുതിയത്. ബദ്‌ലാപൂരിന് ശേഷം എനിക്ക് സെക്‌സ് കോമഡികൾ മാത്രമേ ചെയ്യാനാകൂ, സ്‌ക്രീനിൽ വസ്ത്രമൂരാൻ ഒന്നും എനിക്ക് മടിയില്ല എന്നൊക്കെയാണ് കരുതിയത്.
അതുകൊണ്ട്, ഞാൻ അത് നിർത്തി. ഞാൻ ഒരിക്കലും അവരോട് എനിക്ക് അതാണ് ഇഷ്ടമെന്ന് പറഞ്ഞിട്ടില്ല. അവരുടെയൊക്കെ ആ ധാരണകൾ അൽപ്പം വിചിത്രമാണെന്ന് രാധിക പറഞ്ഞു.
മൂന്നോ നാലോ കിലോ ഭാരം കൂടുതൽ ആണെന്ന് പറഞ്ഞ് തന്നെ സിനിമയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും രാധിക പറഞ്ഞു. പുതിയ ആളുകൾ വരുമ്പോൾ കളിയാക്കലുകളും മറ്റും ഉണ്ടാവാറുണ്ട്. അത് അവരുടെ അവകാശം ആണെന്ന പോലെയാണ് ചിലർ പെരുമാറാറുള്ളത്. എനിക്കും അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും രാധിക പറഞ്ഞു. നിനക്ക് എന്തുകൊണ്ട് നല്ലൊരു മൂക്ക് ആക്കിക്കൂടാ, എന്തുകൊണ്ടാണ് നിനക്കു വലിയ മാറിടങ്ങൾ ഇല്ലാത്തത് എന്നൊക്കെ ചോദിച്ചിട്ടുണ്ട്.
നീ നിന്റെ ശരീരം ശരിയാക്കിയാൽ നിനക്കു അവസരങ്ങൾ ലഭിക്കും എന്നും പറഞ്ഞവരുണ്ട്. അത്തരം സംസാരങ്ങൾ കാരണം എനിക്ക് നിരവധി അവസരങ്ങൾ വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നിട്ടുണ്ട് എന്നുമാണ് രാധിക ആപ്‌തെ പറഞ്ഞത്. അതേസമയം, മിസിസ് അണ്ടർ കവർ ആണ് രാധികയുടെ ഏറ്റവും പുതിയ ഓടിടി റിലീസ്. സീ 5 ലാണ് സീരീസ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ആപ്‌തെയെ കൂടാതെ, സുമീത് വ്യാസ്, രാജേഷ് ശർമ്മ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.