കൊച്ചി: കൊച്ചി സീപോര്‍ട്ട്-എയര്‍പ്പോര്‍ട്ട് റോഡുവഴി കഴിഞ്ഞ ദിവസം രാത്രിയില്‍ യാത്ര ചെയ്തവര്‍ ഒരു അപ്രതീക്ഷിത അതിഥിക്ക് കടന്നുപോകാനായി കുറച്ചധികം നേരം റോഡില്‍ കാത്തുനില്‍ക്കേണ്ടിവന്നു. സാധാരണ പ്രമുഖര്‍ കടന്നുപോകുമ്പോഴാണ് ഇത്തരത്തില്‍ റോഡില്‍കിടക്കേണ്ടിവരുന്നതെങ്കില്‍ ഇത്തവണ അതൊരു ഭീമന്‍ മലമ്പാമ്പിന് വേണ്ടിയായിരുന്നു.
കാക്കനാട് സിഗ്‌നലിനടുത്താണ് റോഡിന് കുറുകെയായി മലമ്പാമ്പിനെ കണ്ടത്.ഇരവിഴുങ്ങിയശേഷം ഇഴഞ്ഞുനീങ്ങിയ പാമ്പ് അപ്രതീക്ഷിതമായാണ് റോഡിന് കുറുകെ എത്തിയത്. പിന്നെ മലമ്പാമ്പ് റോഡ് മുറിച്ച് കടക്കുന്നതുവരെ വാഹനങ്ങളുമായി യാത്രക്കാര്‍ റോഡിന് ഇരുവശവും കാത്തുനിന്നു.
കാര്യമറിയാതെ ചിലര്‍ ഹോണ്‍ അടിച്ച് ശബ്ദമുണ്ടാക്കുന്നുണ്ടെങ്കിലും മലമ്പാമ്പ് റോഡ് ക്രോസ് ചെയ്യുന്നതുവരെ ബൈക്ക് യാത്രികരും കാറില്‍ എത്തിയവരുമെല്ലാം ക്ഷമയോടെ കാത്തുനിന്നു.