NationalNews

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ദ്രൗപദി മുര്‍മുവിന് കൂടുതല്‍ പിന്തുണ,പിന്തുണയറിയിച്ച് ജഗനും നവീന്‍ പട്‌നായികും

അമരാവതി:എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിന് പിന്തുണ അറിയിച്ച് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. ഗോത്ര വര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങൾക്കൊപ്പമാണ് താനെപ്പോഴുമെന്ന് ജഗൻ മോഹൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

മുൻനിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ ദ്രൗപദി മുർമു നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ എത്താനാകില്ലെന്നും രാജ്യസഭാംഗവും പാർട്ടിയും പാർലമെന്ററി പാർട്ടി നേതാവ് വിജയ്സായ് റെഡ്ഡിയും ലോക്സഭാംഗം മിഥുൻ റെഡ്ഡിയും പങ്കെടുക്കുമെന്നും വാർത്താക്കുറിപ്പിൽ വ്യക്താക്കിയിട്ടുണ്ട്.

അതേസമയം, ഇന്നലെ ഡൽഹിയിലെത്തിയ മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. എന്നിവരുമായും കൂടിക്കാഴ്ച നടത്തി. ജൂലൈ 18നാണ് തിരഞ്ഞെടുപ്പ്.

ഗോത്രവര്‍ഗ നേതാവ് ദ്രൗപദി മുര്‍മുവിനെ (64) എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് നേരത്തെ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അഭിമാന മുഹൂര്‍ത്തമാണെന്നും ബിജെഡി നേതാവായ പട്നായിക് പറഞ്ഞു.

‘എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ ദ്രൗപദി മുര്‍മുവിന് അഭിനന്ദനങ്ങള്‍. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നോടു സംസാരിച്ചതില്‍ ഞാന്‍ ആഹ്ലാദവാനാണ്. ഒഡീഷയിലെ ജനങ്ങള്‍ക്കു തീര്‍ച്ചയായും അഭിമാന മുഹൂര്‍ത്തമാണിത്. രാജ്യത്തു വനിതാ ശാക്തീകരണത്തിന്റെ തിളങ്ങുന്ന ഉദാഹരണമായി ദ്രൗപദി മുര്‍മു മാറും’- നവീന്‍ പട്നായിക് ട്വീറ്റ് ചെയ്തു.

ഒഡീഷയില്‍നിന്നുള്ള ഗോത്രവര്‍ഗ നേതാവും ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറുമായ ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയതിലൂടെ ബിജെഡിയുടെ വോട്ടുകള്‍ ബിജെപി ലക്ഷ്യമിട്ടിരുന്നു. ഒഡീഷയിലെ മുന്‍ മന്ത്രിയാണ് ദ്രൗപദി. ബിജെഡി, വൈഎസ്ആര്‍സിപി തുടങ്ങിയവയുടെ പിന്തുണയുണ്ടെങ്കില്‍ ദ്രൗപദിക്കു ജയം സുഗമമാവും.

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന് സിആര്‍പിഎഫ് കമാന്‍ഡോകളുടെ ‘സെഡ് പ്ലസ്’ സുരക്ഷ അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സുരക്ഷാ പരിരക്ഷയാണ് ‘സെഡ് പ്ലസ്’.

ദ്രൗപദി മുര്‍മു ഒഡിഷയിലെ മയുര്‍ഭഞ്ച് ജില്ലയിലെ റൈരംഗ്പുരിലെ ശിവക്ഷേത്രത്തിന്റെ നിലം തൂത്തുവാരുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ബുധനാഴ്ച ക്ഷേത്രത്തിലെത്തിയ ദ്രൗപദി, പ്രാര്‍ഥിക്കുന്നതിന് മുന്‍പ് നിലം തൂത്തുവാരുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെട്ട ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷം തിങ്കളാഴ്ച രാത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജാര്‍ഖണ്ഡ് ഗവര്‍ണറായി സേവനമനുഷ്ഠിച്ച ദ്രൗപദി മുര്‍മുവിനെ (64) രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഒഡിഷയില്‍ നിന്നുള്ള ഗോത്രവര്‍ഗ നേതാവാണ് ദ്രൗപദി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker