ഭര്‍ത്താവ് കൊവിഡ് ബാധിച്ച് മരിച്ചു; പിന്നാലെ ഗര്‍ഭിണിയായ ഭാര്യ ആത്മഹത്യ ചെയ്തു
ബംഗളൂരു: ഭര്‍ത്താവിന്റെ വിയോഗം താങ്ങാനാവാതെ മൂന്ന് മാസം ഗര്‍ഭിണിയായ ഭാര്യ തൂങ്ങിമരിച്ചു. കര്‍ണാടകയിലെ കനകപുരയിലാണ് ദാരുണ സംഭവം. കനകപുര ബെസ്‌കോം ഡിവിഷണല്‍ ഓഫീസ് അസിസ്റ്റന്റായിരുന്ന നന്ദിനി (28) ആണ് ഭര്‍ത്താവ് കൊവിഡ് ബാധിച്ചു മരിച്ചതിനു പിന്നാലെ ആത്മഹത്യ ചെയ്തത്.
രണ്ട് വര്‍ഷം മുന്‍പാണ് ബിസിനസുകാരനായ സതീഷിനെ യുവതി വിവാഹം കഴിച്ചത്. കഴിഞ്ഞ ആഴ്ചയാണ് സതീഷിന്റെ അമ്മക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് സമ്പര്‍ക്ക നിരീക്ഷണത്തില്‍ കഴിയവേ സതീഷിനും രോഗം സ്ഥിരീകരിക്കുകയായിരുന്നു. മൂന്ന് ദിവസം മുന്‍പ് ചികിത്സയിലിരിക്കെ ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഭര്‍ത്താവിന്റെ മരണശേഷം മാനസികമായി തളര്‍ന്ന നന്ദിനി അമ്മയുടെയും അനുജത്തിയുടെയും സംരക്ഷണയിലായിരുന്നു. കഴിഞ്ഞ ദിവസം മുറിയില്‍ കയറി കതകടച്ച നന്ദിനിയെ ഏറെ നേരം കഴിഞ്ഞും കാണാതെ വന്നപ്പോഴാണ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.