പീക്കി ബ്ലൈൻഡേഴ്‌സ് ലുക്കിൽ പ്രണവ് മോഹൻലാൽ; ചിത്രം വൈറൽ
കൊച്ചി:മലയാളത്തിന്റെ സ്വന്തം താരപുത്രൻ. പക്ഷേ ഈ വിളിപ്പേരുകളോ സ്ഥാനമാനങ്ങളോ ഒന്നും താൽപര്യമില്ലാത്തയാളാണ് പ്രണവ്. സിനിമയെക്കാൾ ഏറെ യാത്രകളെ സ്നേഹിക്കുന്ന വ്യക്തിയാണ് പ്രണവ്. താരത്തിന്റെ സാഹസിക യാത്രകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. സോഷ്യൽ മീഡിയയിൽ തന്റെ യാത്രയുടെ വിവരങ്ങളൊക്കെ പങ്കുവെച്ച് പ്രണവ് എത്താറുണ്ട്.
ഇപ്പോഴിതാ പ്രണവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റൈലിഷ് ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ലോക പ്രശസ്ത ഹോളിവുഡ് സീരിസ് പീക്കി ബ്ലൈൻഡേഴ്‌സിനെ അനുസ്മരിപ്പിക്കുന്ന വേഷവിധാനത്തിലാണ് പ്രണവിനെ കാണാനാകുക. ‘ബൈ ഓർഡർ ഓഫ് ദ് പീക്കി ബ്ലൈൻഡേഴ്‌സ്’ എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്. നിരവധിപ്പേരാണ് പ്രണവിന്റെ ഈ ചിത്രത്തിനു കമന്റുകളുമായി എത്തുന്നത്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്ക് ശേഷം’ ആണ് പ്രണവിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ‘ഹൃദയ’ത്തിനുശേഷം വിനീത് ശ്രീനിവാസനും പ്രണവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, ബേസിൽ ജോസഫ്, അജു വർഗീസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ റിലീസ് ഏപ്രിലിൽ ഉണ്ടാകും.