നടി സ്വാസിക വിവാഹിതയായി, നെഞ്ചോട് ചേർത്ത് പ്രേം
കൊച്ചി:നടിയും അവതാരകയുമായ സ്വാസിക വിജയ് വിവാഹിതയായി. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. ‘ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു’ എന്ന് കുറിച്ച് കൊണ്ട് സ്വാസിക തന്നെയാണ് വിവാഹ കാര്യം അറിയിച്ചത്. ബീച്ച് സൈഡിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്.
സുരേഷ് ഗോപി, ഇടവേള ബാബു, രചന നാരായണന്‍ കുട്ടി, മഞ്ജു പിള്ള, സരയു തുടങ്ങി നിരവധി പേര്‍ സ്വാസികയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
“ഞാനൊരു കല്യാണം നടത്തിയതിന്‍റെ ക്ഷീണത്തില്‍ നില്‍ക്കയാണ്. ഇവിടെ ഞാന്‍ വന്ന് കേറിയപ്പോള്‍ ഭയങ്കര വിളിയൊക്കെ കേട്ടു. അതിനെക്കാള്‍ മുകളില്‍ എത്തി വിളിക്കണമെന്നൊക്കെ ആഗ്രഹം ഉണ്ട്. പക്ഷേ ശബ്ദം പോയിരിക്കുവാണ്. ദൈവം തന്നൊരു മാനം മനംകുളിര്‍ക്കെ അനുഭവിച്ച അച്ഛനായി തന്നെയാണ് ഞാന്‍ ഇപ്പോഴും പോയ്ക്കൊണ്ടിരിക്കുന്നത്. അങ്ങനെ ഒരു അച്ഛനായാണ് ഇവിടെ വന്നും ഞാന്‍ നില്‍ക്കുന്നത്”, എന്നാണ് സുരേഷ് ഗോപി വിവാഹ സല്‍ക്കാര വേദിയില്‍ പറഞ്ഞത്.
ഈ വര്‍ഷം ആദ്യമാണ് സ്വാസിക വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. പ്രേം ജേക്കബിനെ പ്രപ്പോസ് ചെയ്‍തത് താൻ ആണെന്ന് അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ സ്വാസിക പറയുകയും ചെയ്തിരുന്നു. സീരിയല്‍ സെറ്റില്‍ വച്ചാണ് പ്രേമിനെ കാണുന്നതെന്നും ഷൂട്ടിനിടെ പ്രപ്പോസ് ചെയ്യുക ആയിരുന്നുവെന്നും സ്വാസിക പറയുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ തന്‍റെ ജീവിതത്തിലേക്ക് വന്നതിന് നന്ദിയെന്ന് പറഞ്ഞ പ്രേം മെസേജ് ഇട്ടെന്നും സ്വാസിക പറഞ്ഞിരുന്നു.
വൈഗ എന്ന ചിത്രത്തിലൂടെയാണ് സ്വാസിക വെള്ളിത്തിരയില്‍ എത്തുന്നത്. ശേഷം റാട്ട്, കുമാരി, ഉടയോള്‍, പത്താം വളവ്, ഇട്ടിമാണി: മെയ്‍ഡ് ഇൻ ചൈന, കാറ്റും മഴയും, സ്വര്‍ണ കടുവ, കുട്ടനാടൻ മാര്‍പാപ്പ, അറ്റ് വണ്‍സ്, ഒറീസ്സ, സ്വര്‍ണ മത്സ്യങ്ങള്‍, അയാളും ഞാനും തമ്മില്‍, ബാങ്കിംഗ് ഹവേഴ്‍സ് 10 ടു 4, പ്രഭുവിന്റെ മക്കള്‍, കണ്ടതും കാണാത്തതും, ഒരു കുട്ടനാടൻ ബ്ലോഗ്, കുദാശ, ചതുരം, മോണ്‍സ്റ്റര്‍, വിവേകാനന്ദന്‍ വൈറലാണ്, വാസന്തി തുടങ്ങി ഒട്ടനവധി സിനിമകളിലും സീരിയലിലും സ്വാസിക അഭിനയിച്ചു.