NationalNews

മമത ബാനര്‍ജിക്ക് കാര്‍ അപകടത്തില്‍ പരിക്ക്

കൊല്‍ക്കൊത്ത:പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും(West Bengal Chief Minister) തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിക്ക്(Mamata Banerjee) വാഹനാപകടത്തില്‍ പരിക്ക്(injured). ബുധനാഴ്ച ബര്‍ധമാനില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക്(Kolkata) മടങ്ങുന്നതിനിടെ മമത സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു(car accident). മോശം കാലാവസ്ഥയെ തുടര്‍ന്നാണ് മമത കാറില്‍ കൊല്‍ക്കത്തയിലേക്ക് തിരിച്ചത്.

യാത്രക്കിടെ പെട്ടെന്ന് ഒരു കാര്‍ മമതയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് വന്നു. ഇത് കണ്ട് ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതോടെ മുഖ്യമന്ത്രിക്ക് പരിക്കേല്‍ക്കുകയായിരുന്നു. മമതയുടെ തലയ്ക്കാണ് പരിക്കേറ്റത്. നിസാര പരിക്കാണെന്നും കൊല്‍ക്കത്തയിലേക്കുള്ള യാത്ര പുനരാരംഭിച്ചെന്നും വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യാ സഖ്യത്തിലെ പ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസുമായി നടന്ന സീറ്റ് വിഭജന ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന മമതയുടെ പ്രഖ്യാപനം വന്നത്. ചര്‍ച്ചയില്‍ സീറ്റ് വിഭജനം സംബന്ധിച്ച തന്റെ നിര്‍ദേശം കോണ്‍ഗ്രസ് തള്ളിയതായി മമത പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മമതയും തൃണമൂല്‍ നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും സീറ്റ് വിഭജനം സംബന്ധിച്ച് ചര്‍ച്ച നടത്തിയത്. ചര്‍ച്ചക്കു പിന്നാലെ ഒറ്റക്കു മത്സരിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ മമത അണികളോട് ആഹ്വാനം ചെയ്യുകയായിരുന്നു. പ്രതിപക്ഷത്തിന്റെ ‘ഇന്ത്യ’ സഖ്യത്തിന് കനത്ത തിരിച്ചടിയാണ് മമതയുടെ പ്രഖ്യാപനം.

ഇതിന് പിന്നാലെ മമതയില്ലാതെ ഒരു പ്രതിപക്ഷ സഖ്യം സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിനെ (ടിഎംസി) ഇന്ത്യ മുന്നണിയുടെ ‘ശക്തമായ സ്തംഭം’ എന്നും പാര്‍ട്ടി വിശേഷിപ്പിച്ചു. പശ്ചിമ ബംഗാളില്‍ ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളുടെ സംഘം ഒരു സഖ്യം പോലെ പോരാടുമെന്നും ഭാവിയില്‍ ടിഎംസിയുമായി സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ ഫലം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

ബിജെപിയെ പരാജയപ്പെടുത്താന്‍ ഇന്ത്യ മുന്നണി ഒരു അവസരവും നഷ്ടപ്പെടുത്തില്ല. നിലവില്‍ അസമിലുള്ള കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്ര ഇതേ ചിന്തയോടെ പശ്ചിമ ബംഗാളില്‍ പ്രവേശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന മമതയുടെ പ്രഖ്യാപനം ഇന്ത്യാ മുന്നണി നേതാക്കളെ അമ്പരപ്പിച്ചിരുന്നു.

‘ബിജെപിയെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ബിജെപിയെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ എന്തും ചെയ്യുമെന്നും മമത ബാനര്‍ജി പറഞ്ഞു. മമത ജിയും തൃണമൂല്‍ കോണ്‍ഗ്രസ്സും ഇന്ത്യ മുന്നണിയുടെ ശക്തമായ സ്തംഭങ്ങളാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമായി പറഞ്ഞിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ ഒരു സഖ്യം പോലെ ഞങ്ങള്‍ പോരാടും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണിയിലെ എല്ലാ പാര്‍ട്ടികളെയും ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് പല തവണ ക്ഷണിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പൂര്‍ണ്ണ പ്രതീക്ഷയുണ്ട്. ചര്‍ച്ചകള്‍ നടന്നുവരികയാണ്. പശ്ചിമ ബംഗാളില്‍ ഇന്ത്യാ മുന്നണി ഒന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിടും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ കടുത്ത വാക്‌പോരാണ് മമതയും കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി തമ്മില്‍ നടന്നത്. മമത ബാനര്‍ജി അവസരവാദിയാണെന്നും ബംഗാളില്‍ മത്സരിക്കാന്‍ അവരുടെ കരുണ വേണ്ടെന്നും ചൗധരി പറഞ്ഞു. ‘മമതയുടെ സഹായത്തോടെ ഞങ്ങള്‍ തിരഞ്ഞെടുപ്പിനെ നേരിടില്ല. കോണ്‍ഗ്രസിന് സ്വന്തം ശക്തിയില്‍ എങ്ങനെ പോരാടണമെന്ന് അറിയാം.

കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ബംഗാളില്‍ അധികാരത്തിലെത്തിയത് എന്ന് മമത ബാനര്‍ജി ഓര്‍ക്കണം,’ -എന്നായിരുന്നു മമതയെ പ്രകോപിപ്പിച്ച ചൗധരിയുടെ പ്രസ്താവന. തൃണമൂലിനെ താന്‍ മുമ്പ് പരാജയപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ സീറ്റ് പങ്കിടല്‍ സംബന്ധിച്ച് ഇരു പക്ഷവും തമ്മില്‍ വാക്പോര് ഇതാദ്യമായല്ല. ബംഗാളില്‍ കോണ്‍ഗ്രസിന് തൃണമൂല്‍ രണ്ട് സീറ്റ് വാഗ്ദാനം ചെയ്തെന്ന വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു ഇത്. സീറ്റിനായി കോണ്‍ഗ്രസ് യാചിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker