KeralaNewsPolitics

കെ സി വേണുഗോപാലിനെതിരെ കണ്ണൂരിൽ പോസ്റ്റർ,അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകൾ

കണ്ണൂർ: കോണ്‍ഗ്രസ്  നേതാവ് കെ സി വേണുഗോപാലിനെതിരെ കണ്ണൂരിൽ പോസ്റ്റർ. ശ്രീകണ്ഠാപുരത്തെ കോൺഗ്രസ് ഓഫീസിന് മുന്നിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍. അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകളെന്നാണ് പോസ്റ്ററിലെ വാചകം. പെട്ടി തൂക്കി വേണുഗോപാൽ ഒഴിവാകു എന്നും പോസ്റ്ററില്‍ വിമര്‍ശനമുണ്ട്.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം ശക്തമാക്കിയിരിക്കുകയാണ് ഗ്രൂപ്പ് 23 നേതാക്കള്‍. ഗാന്ധി കുടംബം മുന്‍പോട്ട് വയക്കുന്ന ഒരു ഫോര്‍മുലയും അംഗീകരിക്കേണ്ടെന്നും ദില്ലിയില്‍ ഗുലാം നബി ആസാദിന്‍റെ  വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ തീരുമാനിച്ചു. എന്നാൽ പ്രവർത്തക സമിതി ചേരുന്നതിൽ നേതൃത്വം മൗനം തുടരുകയാണ്.

ഒന്നിന് പിന്നാലെ ഒന്നായി ഓരോ തെരഞ്ഞെടുപ്പിലും പാര്‍ട്ടി തോറ്റ് തുന്നം പാടുമ്പോള്‍ നേതൃത്വം മാറിയേ തീരൂ എന്ന ആവശ്യം ശക്തമാക്കുകയാണ് ഗ്രൂപ്പ് 23 നേതാക്കള്‍. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ഭൂപേന്ദ്രഹൂഡ, മനീഷ് തിവാരി എന്നീ നേതാക്കളാണ് ഗുലാംനബി ആസാദിന്‍റെ വീട്ടില്‍ ഒത്തു കൂടിയത്. അധ്യക്ഷ സ്ഥാനത്ത് നിന്ന് ഗാന്ധി കുടംബം പിന്‍മാറണം. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനും മല്ലികാര്‍ജുന ഖാര്‍ഗയെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവാക്കാനുമാണ് ഗാന്ധി കുടുംബത്തിന്‍റെ ആലോചന.

ഈ ഫോര്‍മുല അംഗീകരിക്കേണ്ടതില്ലെന്നും ഗ്രൂപ്പ് 23 തീരുമാനിച്ചു. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്തും അഴിച്ചു പണി വേണം. പഞ്ചാബിലെ തോല്‍വിയടക്കം ചൂണ്ടിക്കാട്ടി പ്രവര്‍ത്തക സമിതിയില്‍ കെ സി വേണുഗോപാലിനെതിരെ നിലപാട് ശക്തമാക്കാനാണ് ഗ്രൂപ്പ് 23 ന്‍റെ തീരുമാനം. ഇക്കഴിഞ്ഞ തെര‍ഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പോലും ഏകപക്ഷീയമായിരുന്നു. തോല്‍വിക്ക് പ്രധാനകാരണമായി നേതാക്കള്‍ വിലയിരുത്തി.

   

എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പിച്ചാണ് പഞ്ചാബില്‍ എ എ പി അധികാരത്തിൽ എത്തുന്നത്. സംസ്ഥാനത്തെ സമസ്ത മേഖലകളിലും ആപ്പിൻ്റെ മുന്നേറ്റമാണ് കണ്ടത്. മൂന്ന് മേഖലകളിലും എ എ പി ഭൂരിപക്ഷ സീറ്റുകളും നേടി. ആപ്പിൻ്റെ തേരോട്ടത്തിൽ കോൺഗ്രസ് തകർന്ന് അടിഞ്ഞു. ശിരോമണി അകാലിദളും അപ്രസക്തമായി. മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റു. കോൺഗ്രസിൻ്റെയും ശിരോമണി അകാലിദളിൻ്റെയും പ്രമുഖ നേതാക്കളും അമരീന്ദ്ര സിങും പരാജയപ്പെട്ടു.

കോൺഗ്രസിൻ്റെയും ശിരോമണി അകാലിദളിൻ്റെയും പരമ്പരാഗത വോട്ടുകളിലും ആം ആദ്മി പാര്‍ട്ടി വിള്ളൽ വീഴ്ത്തി. എല്ലാ പാർട്ടികളിലെയും വലിയ നേതാക്കളെയും എ എ പി സ്ഥാനാർത്ഥികൾ തറപറ്റിച്ചു. മുഖ്യമന്ത്രി ചരൺജിത്ത് സിങ്ങ് ഛന്നിയെ ചാംകൂർ സാഹിബിലും ബദൗറിലും വീഴ്ത്തിയത് എ എ പി സ്ഥാനാർത്ഥികളാണ്. താര പോരാട്ടം നടന്ന അമൃത്സർ ഈസ്റ്റിൽ നവജ്യോത്സിങ്ങ് സിനെയും ബിക്രം മജീതിയയെയും തോൽപിച്ചത് സമൂഹിക പ്രവർത്തക ജീവൻ ജ്യോത് കൗറാണ്. ശിരോമണി അകാലിദൾ നേതാക്കളായ പ്രകാശ് സിങ്ങ് ബാദലും സുഖ്ബീർ സിങ് ബാദലിനും അടപതറിയത് എ എ പി യുടെ സാധാരണക്കാരായ സ്ഥാനാർത്ഥികളോടാണ്. കോൺഗ്രസ് വിട്ട് ബിജെപിക്കൊപ്പം മത്സരിച്ച ക്യാപ്റ്റൻ സിങ്ങിനും സ്വന്തം തട്ടകത്തിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.

ദളിത് വോട്ടുകൾ ലക്ഷ്യമിട്ട് ഛന്നിയെ മുൻനിർത്തി നടത്തിയ പരീക്ഷണവും കോൺഗ്രസിനെ തുണച്ചില്ല. പാർട്ടിയിലെ ഉൾപ്പോരും വടംവലിയും പ്രചാരണത്തിലെ ഏകോപനവും വീഴ്ച്ചകളായപ്പോൾ പഞ്ചാബിലെ ജനങ്ങൾ വികസനത്തിന് വോട്ട് ചോദിച്ച ആം ആദ്മി പാർട്ടിക്ക് വോട്ട് കുത്തി. ശിരോമണി അകാലിദളിന് സ്വന്തം ശക്തികേന്ദ്രങ്ങൾ കൂടിയാണ് ഈ തെരഞ്ഞെടുപ്പിൽ നഷ്ടമായത്. പ്രമുഖ നേതാക്കളുടെ തോൽവി അകാലിദളിൽ ഭിന്നസ്വരം ഉയരാൻ കാരണമാകും. മാത്സാ മേഖലയിലെ തോൽവി അകാലിദളിൻ്റെ രാഷ്ട്രീയ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. മത സമുദായിക ഘടകങ്ങൾക്കപ്പുറം പഞ്ചാബ് വോട്ട് നൽകി എന്നത് കൂടിയാണ് ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധയേമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker