FeaturedNationalNews

പൂഞ്ച് ഭീകരാക്രമണം: 12 പേർ കസ്റ്റഡിയിൽ, ചൈനീസ് വെടിയുണ്ടകൾ ഉപയോഗിച്ചെന്ന് കണ്ടെത്തൽ

ശ്രീനഗര്‍:പൂഞ്ച് ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ, ആക്രമണത്തിൽ പങ്കെടുത്തെന്ന് സംശയിക്കുന്ന 12 പേരെ എൻഐഎ കസ്റ്റഡിയിൽ എടുത്തു. സൈനികർ സഞ്ചരിച്ച ട്രക്കിന് നേരെ ഇരുവശങ്ങളിൽ നിന്നും ഭീകരർ വെടിയുതിർത്തുവെന്നാണ് എൻഐഎ അന്വേഷണത്തിലെ കണ്ടെത്തൽ.

അങ്ങനെയെങ്കിൽ ഭീകരർ എണ്ണത്തിൽ കൂടുതലുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതോടൊപ്പം സ്ഥലത്ത് നിന്നും ചൈനീസ് വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്. ഭീകരർ ചൈനീസ് വെടിയുണ്ടകളുപയോഗിച്ചുവെങ്കിൽ അയൽ രാജ്യത്തിന്റെ പിന്തുണയോടെയെത്തിവരാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

പൂഞ്ചിൽ കഴിഞ്ഞ ദിവസം സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഒരു സൈനികൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സൈനികരുടെ സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. ഇന്നലെ രജൗരിയിൽ ഉന്നത സൈനിക ഉദ്യോഗസ്ഥർ അന്തിമോപചാരം അർപ്പിച്ചു. ശേഷം രാത്രിയോടെ ഭൗതിക ശരീരം ജന്മനാടുകളിലേക്ക് കൊണ്ടുപോയി.

ഭീകരാക്രമണത്തിൽ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്. ഒളിച്ചിരിക്കുന്ന ഭീകരർക്കായി വനമേഖലയിൽ തെരച്ചിൽ തുടരുന്നുണ്ട്. വനമേഖലയിലെ ഗുഹകളിൽ ഇവർ ഒളിച്ചിരിക്കുന്നതായിട്ടാണ് വിവരം.

കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍ അറിയിച്ചു. ഒരു കോടി രൂപ വീതമാണ് ധനസഹായമായി നല്‍കുന്നത്. പഞ്ചാബ് സ്വദേശികളാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാല് സൈനികര്‍. അഞ്ച് സൈനികരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഏപ്രില്‍ 20ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഭീംബര്‍ ഗലി പ്രദേശത്തിന് സമീപമായിരുന്നു അക്രമികള്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്തത്. പ്രദേശത്തെ കനത്ത മഴ മുതലെടുത്താണ് ഭീകരര്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്തതെന്ന് സൈനിക ആസ്ഥാനമായ നോര്‍ത്തേണ്‍ കമാന്‍ഡിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

ഭീകരര്‍ വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയും പിന്നീട് ഗ്രനേഡാക്രമണം നടത്തുകയുമായിരുന്നുവെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. ഗ്രനേഡാക്രമണത്തിലാണ് വാഹനത്തിന് തീപിടിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker