EntertainmentNews

‘വാരിസി’ന്റെ റെക്കോഡ് തകർത്ത് പൊന്നിയിൻ സെൽവൻ 2

ചെന്നൈ:കല്‍ക്കിയുടെ ചരിത്രനോവല്‍ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ രണ്ടാം ഭാഗത്തിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണം. കഴിഞ്ഞ ദിവസമാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്തത്. ഇന്ത്യയില്‍നിന്ന് മാത്രം 32-35 കോടി വരുമാനം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളുടെ ആദ്യദിന വരുമാനം കണക്കാക്കുമ്പോള്‍ വിജയ് നായകനായ ‘വാരിസി’ന്റെ റെക്കോഡാണ് പി.എസ് 2 തകര്‍ത്തത്. വിദേശരാജ്യങ്ങളിലും മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അമേരിക്ക, മലേഷ്യ, സിംഗപ്പൂര്‍, യു.എ.ഇ. എന്നിവിടങ്ങളില്‍ ഒട്ടേറെ തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

‘പൊന്നിയിന്‍ സെല്‍വന്‍’ ആദ്യഭാഗം 2022 സെപ്തംബര്‍ 22-നാണ് റിലീസ് ചെയ്തത്. ആദ്യദിനത്തില്‍ ലോകവ്യാപകമായി ചിത്രം 80 കോടിയോളം വരുമാനം നേടിയിരുന്നു. ആകെ 500 കോടിയാണ് ബോക്‌സ്ഓഫീസില്‍നിന്ന് നേടിയത്. ‘പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം’ ഈ റെക്കോഡ് കടത്തിവെട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ‘പൊന്നിയിന്‍ സെല്‍വനി’ല്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ വേഷമിടുന്നത്.

സംഗീതം എ.ആര്‍. റഹ്‌മാനും ഛായാഗ്രഹണം രവി വര്‍മനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് തിരക്കഥാകൃത്ത്. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 500 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker