മാസ്‌കും ഹെല്‍മെറ്റും വെക്കാതെ ബൈക്ക് യാത്ര; വിവേക് ഒബ്റോയിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് മുംബൈ പോലീസ്
മുംബൈ: മാസ്‌ക് ധരിക്കാതെ പൊതുനിരത്തില്‍ വണ്ടിയോടിച്ചതിന് ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് മുംബൈ പൊലീസ്. നടനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
‘പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ജാഗ്രത നിര്‍ദേശങ്ങള്‍ ലംഘിച്ച നടന്‍ വിവേക് ആനന്ദ് ഒബ്റോയിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും മാസ്‌ക് ധരിച്ചിരിക്കണമെന്നത് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടിവിച്ചിരുന്നു. നിര്‍ബന്ധമായും പാലിക്കേണ്ട ഈ നിര്‍ദേശം നടന്‍ ലംഘിച്ചിരിക്കുകയാണ്. നടനെതിരെ തീര്‍ച്ചയായും നടപടികള്‍ സ്വീകരിക്കും,’ മുംബൈ പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനും വിവേക് ഒബ്റോയിക്കെതിരനെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഹെല്‍മെറ്റ് ധരിക്കാതെയായിരുന്നു വിവേക് വണ്ടിയോടിച്ചിരുന്നത്. ഫെബ്രുവരി 14ന് ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കില്‍ ഭാര്യ പ്രിയങ്ക അല്‍വക്കൊപ്പം സഞ്ചരിക്കുന്നതിന്റെ വീഡിയോ വിവേക് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വാലന്റൈന്‍സ് ഡേ ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു ഈ വീഡിയോ വിവേക് പങ്കുവെച്ചത്. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.