25.8 C
Kottayam
Wednesday, April 24, 2024

മുട്ടിൽ മരം മുറി: മാംഗോ സഹോദരങ്ങൾ ഒളിവിൽ, പ്രതികൾക്കായി വല വിരിച്ച് പോലീസ്

Must read

കോഴിക്കോട്: മുട്ടില്‍ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ വയനാട് വാഴവറ്റ സ്വദേശികളായ റോജി, ആന്റോ, ജോസൂട്ടി എന്നിവരെ പിടികൂടാന്‍ പൊലീസും വനംവകുപ്പും നീക്കം ശക്തമാക്കി. മുഖ്യ പ്രതികളായ മൂവരും ഒളിവിലാണ്. വാഴവറ്റയിലെ ഇവരുടെ വീട്ടില്‍ ഇന്ന് പൊലീസെത്തിയെങ്കിലും സ്ഥലത്തില്ലെന്നാണ് വീട്ടുകാര്‍ നല്‍കിയ മറുപടി.

ഹൈക്കോടതി ഉത്തരവിന് പിന്നാലെ പ്രതികളുടെ ഫോണ്‍ സ്വിച്ച്‌ഡ് ഓഫാക്കിയിട്ടുണ്ടെന്ന് അന്വേഷണസംഘം പറയുന്നു. എറണാകുളം ജില്ലയിലാണ് മൂന്ന് പ്രതികളുമുള്ളതെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചതിന്‍്റെ അടിസ്ഥാനത്തില്‍ പൊലീസും വനം വകുപ്പും തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.വനംവകുപ്പിന്റെ 42 കേസുകളിലും പൊലീസിന്റെ മൂന്ന് കേസുകളിലും പ്രതികളാണ് മാംഗോ സഹോദരങ്ങള്‍.

ഹൈക്കോടതി രണ്ട് കേസുകളില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതോടെയാണ് അറസ്റ്റിനുള്ള നീക്കം. മേപ്പാടി റെയ്ഞ്ച് ഓഫീസര്‍ എം കെ സമീറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ മുമ്ബ് അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയെങ്കിലും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് തടഞ്ഞിരുന്നു. പൊലീസ് നടപടിയും സമാനമായിരുന്നു. പ്രതികളുടെ ജാമ്യപേക്ഷ കോടതി തള്ളിയതോടെ അറസ്റ്റ് നടപടികളിലേക്ക് കടക്കാന്‍ ഉന്നതങ്ങളില്‍ നിന്ന് വനംവകുപ്പിനും പൊലീസിനും നിര്‍ദേശം ലഭിച്ചതായാണ് വിവരം.

വയനാട്ടിലെ മുട്ടില്‍ വില്ലേജിലെ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഉന്നത ഇടപെടലെന്ന് ആക്ഷേപമുണ്ട്. മരംകടത്ത് സംഘത്തിന് ഒത്താശ ചെയ്ത വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വകുപ്പുതല അന്വേഷണവും എവിടെയുമെത്തിയില്ല.

ജനുവരിയിലാണ് മുട്ടില്‍ വില്ലേജില്‍ നിന്ന് ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയത്. വയനാട്ടിലെ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ഒരാളെപോലും അറസ്റ്റ് ചെയ്യാന്‍ വനംവകുപ്പിനായില്ല. മുട്ടില്‍ വില്ലേജിലെ പലയിടങ്ങളില്‍ നിന്ന് മുറിച്ചുകടത്തിയ 215 ക്യുബിക് മീറ്റര്‍ ഈട്ടിത്തടികളാണ് പിടികൂടിയത്. മൊത്തം 505 ക്യുബിക് മീറ്റര്‍ ഈട്ടിത്തടികള്‍ മുറിച്ചതായാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. കേസില്‍ ഒരാളെപോലും മാസങ്ങളായിട്ടും പിടികൂടാന്‍ കഴിയാത്തതിന് കാരണം ഉന്നത ഇടപെടലാണെന്ന് ആരോപണമുണ്ട്.

മുട്ടില്‍ മരംമുറിക്കേസ് പ്രതിപക്ഷം ഏറ്റെടുത്തതോടെ മന്ദഗതിയിലിലായ അന്വേഷണത്തിന് ജീവന്‍ വച്ചിരുന്നു.
മരംമുറി കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും. ഉന്നത വനപാലകരുടെ ഒത്താശയോടെ നടന്ന മരംമുറിക്കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെ വിജിലന്‍സിന്റെ തലപ്പത്ത് നിയമിക്കാനുള്ള നീക്കം വിവാദമായിരുന്നു. റവന്യുവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മേപ്പാടി റെയ്ഞ്ചിന് കീഴിലെ മരംമുറിയുമായി ബന്ധപ്പെട്ട് അഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. സംഭവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരായ വനപാലകര്‍ക്കെതിരെ ഇതുവരെയും നടപടിയുണ്ടായിട്ടില്ല.

കൃഷിഭൂമിയില്‍ നിന്ന് കര്‍ഷകര്‍ക്ക് മരംമുറിയ്ക്കാമെന്ന ഉത്തരവിന്റെ മറവിലാണ് വയനാട്ടില്‍ 15 കോടിയോളം രൂപയുടെ ഈട്ടിക്കൊള്ള അരങ്ങേറിയത്. പ്രതികള്‍ക്കെതിരെ ജൈവവൈവിധ്യ സംരക്ഷണ നിയമ പ്രകാരം വനംവകുപ്പ് കേസെടുത്തതോടെ ജാമ്യമില്ലാ വകുപ്പുകളായി എല്ലാ കേസുകളും മാറിയിട്ടും അറസ്റ്റുണ്ടാകാതെ വന്നതോടെയാണ് കോടതി ഇടപെടല്‍.

മുഖ്യപ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുമ്ബോഴും മരം കൊള്ള സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്ബോഴും ഹൈക്കോടതി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week