KeralaNews

ഇടിച്ച വണ്ടി നിര്‍ത്താഞ്ഞതിന്റെ രഹസ്യം! കാറില്‍ രണ്ടു പെണ്‍കുട്ടികള്‍, ഒടുവില്‍ പോക്‌സോ കേസ്

കൊച്ചി: കലൂരില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ വണ്ടി നിര്‍ത്താതെ പോയ യുവാക്കള്‍ക്കെതിരേ ഒടുവില്‍ പോക്‌സോ കേസും. നിര്‍ത്താതെ പോയ വണ്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുണ്ടായിരുന്നെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പോക്‌സോ കേസും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അപകടത്തെത്തുടര്‍ന്നു കാര്‍ നിര്‍ത്താതെ ഓടിച്ചുപോയ അരഞ്ഞാണില്‍ ജിത്തു (28), തൃപ്പൂണിത്തുറ ഫാക്ട്നഗര്‍ പെരുമ്പിള്ളില്‍ സോണി സെബാസ്റ്റ്യന്‍ (25) എന്നിവര്‍ക്കെതിരേയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് പോക്സോ കേസ് എടുത്തിരിക്കുന്നത്. ഇതോടെ ഇവര്‍ക്കെതിരെ എടുത്ത കേസുകളുടെ എണ്ണം മൂന്നായി.

കഴിഞ്ഞ വ്യാഴാഴ്ച ആറരയ്ക്കായിരുന്നു കലൂര്‍ പാവക്കുളം ക്ഷേത്രത്തിനു സമീപം വാഹനങ്ങളെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയത്. നാട്ടുകാര്‍ പിന്തുടര്‍ന്നു കാര്‍ പിടികൂടിയപ്പോള്‍ കാറില്‍ സ്‌കൂള്‍ യൂണിഫോമില്‍ രണ്ടു പെണ്‍കുട്ടികള്‍ ഉണ്ടായതായി പറഞ്ഞിരുന്നു. എന്നാല്‍, യുവാക്കളെ പോലീസിനെ ഏല്‍പ്പിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ ഇല്ലായിരുന്നു.

തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ കാറില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നുവെന്നു കണ്ടെത്തി. പെണ്‍കുട്ടികളെ കണ്ടെത്തി കൗണ്‍സലിംഗിന് വിധേയമാക്കി. അവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാക്കള്‍ക്കെതിരെ പോക്സോ കേസ് എടുത്തിരിക്കുന്നത്.
നേരത്തെ ഇവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തിരുന്നു. അതോടൊപ്പം കാറില്‍നിന്ന് ഒരു കഞ്ചാവ് ബീഡിയും അര ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. തുടര്‍ന്ന് മയക്കുമരുന്നു കൈവശം വച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉന്തുവണ്ടിക്കാരന്‍ കടവന്ത്ര ഗാന്ധിനഗര്‍ ഉദയാകോളനിയില്‍ പ്രഭാകരന്റെ മകന്‍ വിജയന്‍(40) കഴിഞ്ഞ ദിവസം മരിച്ചു. തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ എളമക്കര കൊല്ലാട്ട് രാജശേഖരന്‍ (63) എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അത്യാഹിക വിഭാഗത്തില്‍ ചികിത്സയിലാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. ഓട്ടോറിക്ഷയിലാണ് കാര്‍ ആദ്യം ഇടിച്ചത്. തുടര്‍ന്ന് രാജശേഖരന്‍ സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടറില്‍ ഇടിച്ച ശേഷം ഉന്തുവണ്ടിക്കാരനെയും ഇടിച്ചു തെറിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker