ഞാൻ ശൈലജ ടീച്ചർക്കെതിരെ എന്തോ പറഞ്ഞെന്നു പരത്തുന്നു,’ആ കളി അധികം വേണ്ട’;ചിലർക്ക് ചില താൽപര്യമുണ്ടെന്ന് മുഖ്യമന്ത്രി
വടകര : മട്ടന്നൂരിൽ ശൈലജ ടീച്ചറുടെ പ്രസംഗം സംബന്ധിച്ച് ചിലർക്ക് ചില താൽപര്യമുണ്ടെന്നും ‘ആ കളി അധികം വേണ്ട’ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതൊന്നും ശൈലജ ടീച്ചറുടെ അടുത്ത് ചെലവാകില്ല. മട്ടന്നൂരിൽ സർക്കാർ പരിപാടി നടത്തുമ്പോൾ ജനങ്ങൾ ഒഴുകിയെത്തും. അതുകണ്ടു ഹരം കയറിയാണ് ശൈലജ ടീച്ചർ തന്റെയടുത്തു വന്നു സംസാരിച്ചത്. കാര്യങ്ങൾ സമയാസമയത്ത് തുറന്നു പറയുന്നയാളാണു താൻ. മട്ടന്നൂരിൽത്തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വടകരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ മൂക്കുകയറിട്ടു നിര്‍ത്താനുള്ള ശ്രമമാണ് എറണാകുളം ജില്ലയിലെ പറവൂര്‍ മുനിസിപ്പാലിറ്റിക്കെതിരായ പ്രതിപക്ഷ നേതാവിന്‍റെയടക്കം നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നഗരസഭ ഏകകണ്ഠമായി എടുത്തതാണ് നവകേരള സദസ്സിന് ഒരു ലക്ഷം രൂപ നല്‍കാനുള്ള തീരുമാനം. അങ്ങനെ പണം നല്‍കിയാല്‍ സ്ഥാനം തെറിപ്പിക്കുമെന്ന ഭീഷണി ഉയർത്തുന്നത് ഒരുതരത്തിലും നാടിന് അംഗീകരിക്കാൻ ആവില്ല. പറവൂരില്‍നിന്നുള്ള എംഎല്‍എ കൂടിയായ പ്രതിപക്ഷ നേതാവിന്റെ അപക്വമായ നടപടി സാധാരണ രീതിയിൽ ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു’’– മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ പര്യടനം നടത്തിയ വയനാട് ജില്ലയിലെ മൂന്നു മണ്ഡലങ്ങളില്‍ രണ്ടെണ്ണം യുഡിഎഫ് എംഎല്‍എമാരുള്ളവയാണ്. സുല്‍ത്താന്‍ ബത്തേരിയിലെയും കല്‍പ്പറ്റയിലെയും എംഎല്‍എമാരെ വരാതിരുന്നുള്ളൂ. തൊഴിലുറപ്പു പദ്ധതി സുതാര്യവും കാര്യക്ഷമവുമായി നടത്തുന്നതില്‍ കേരളം രാജ്യത്തിനു മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘‘ഇടതുപക്ഷം മുന്നോട്ടുവച്ച പൊതുമിനിമം പരിപാടിയുടെ ഭാഗമായി 2005ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ ആരംഭിച്ച തൊഴിലുറപ്പു പദ്ധതിയെ എങ്ങനെ അട്ടിമറിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഓരോ വര്‍ഷവും തൊഴില്‍ ദിനങ്ങള്‍ കുറച്ചു കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. 2020-21 ല്‍ കേരളത്തിനു 10 കോടിയോളം തൊഴില്‍ ദിനങ്ങള്‍ ആയിരുന്നു അനുവദിച്ചതെങ്കില്‍ 2023-24ല്‍ അത് 6 കോടിയാക്കി ചുരുക്കി. എന്നാല്‍ അവ ഈ സമയത്തിനുള്ളില്‍ തന്നെ തീര്‍ത്ത് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ അനുവദിക്കാന്‍ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നു 6 കോടിയെന്നത് 8 കോടിയായി വര്‍ധിപ്പിച്ചു തരികയുണ്ടായി. തൊഴിലുറപ്പു പദ്ധതിയോടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിബദ്ധതയ്ക്ക് ഇതിലും നല്ല എന്ത് ഉദാഹരണമാണ് വേണ്ടത്? – മുഖ്യമന്ത്രി ചോദിച്ചു.
നവകേരള സദസ്സിലേക്ക് ജനങ്ങള്‍ പ്രവഹിക്കുന്നത് എന്തെങ്കിലും നിർബന്ധത്തിന്‍റെ ഫലമായിട്ടല്ല, ഇതെല്ലാം തിരിച്ചറിഞ്ഞു കൊണ്ടാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.