ഒന്നരവര്‍ഷത്തോളമായി ശരീരത്തിന് ചൂട്, ശ്രദ്ധിച്ചിരുന്നെങ്കില്‍ എനിക്കിത് സംഭവിക്കില്ലായിരുന്നു: മഞ്ജു പത്രോസ്
കൊച്ചി:മലയാളികള്‍ക്ക് സുപരിചിതയാണ് മഞ്ജു പത്രോസ്. ടെലിവിഷനിലൂടെയാണ് മഞ്ജുവിനെ മലയാളികള്‍ അടുത്തറിയുന്നത്. ഇന്ന് ടെലിവിഷന്‍ പരമ്പരകളിലും സിനിമകളിലുമെല്ലാം നിറ സാന്നിധ്യമാണ് മഞ്ജു പത്രോസ്. സോഷ്യല്‍ മീഡിയയിലും മഞ്ജു സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. മഞ്ജുവിന്റെ യൂട്യൂബ് ചാനലിലും ഒരുപാട് ആരാധകരുണ്ട്.
ഈയ്യടുത്ത് മഞ്ജു പത്രോസിന് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്ന് താരത്തിന്റെ ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടിയും വന്നിരുന്നു. മഞ്ജു തന്നെയാണ് അക്കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചതും. ഇപ്പോഴിതാ തന്റെ ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് മഞ്ജു. മാതൃഭൂമി ആരോഗ്യ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസ് തുറന്നത്.
രോഗമുണ്ടാകുമ്പോള്‍ തന്നെ നമ്മുടെ ശരീരം പലതരത്തിലുള്ള ലക്ഷണങ്ങള്‍ കാണിക്കും. അപ്പോള്‍ തന്നെ അത് മനസിലാക്കി വൈകാതെ ചികിത്സ തേടണം. എന്നാല്‍, എന്റെ ശരീരം പലതരം ലക്ഷണങ്ങള്‍ കാണിച്ചിട്ടും അത് അവഗണിച്ചതാണ് എന്റെ ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ ഇടയാക്കിയത്. തുടക്കത്തില്‍ തന്നെ ചികിത്സിച്ചിരുന്നുവെങ്കില്‍ ഇത്രയും ബുദ്ധിമുട്ടുകളും സങ്കീര്‍ണതകളും അനുഭവിക്കേണ്ടി വരില്ലായിരുന്നു. എന്ന് എനിക്കിപ്പോള്‍ തോന്നുന്നുണ്ട്.” മഞ്ജു പത്രോസ് പറയുന്നു.
അഭിനയത്തിനായി മേക്കപ്പ് ചെയ്യുന്നതിനിടെ വല്ലാതെ വിയര്‍ക്കുന്നതായിരുന്നു ആദ്യത്തെ ലക്ഷണം. ഒന്നരവര്‍ഷത്തോളമായി ശരീരത്തിന് വലിയ ചൂട് അനുഭപ്പെട്ടിരുന്നു. കടുത്ത മുടികൊഴിച്ചില്‍, കിതപ്പ്, ക്ഷീണം എന്നിങ്ങനെ പല ലക്ഷണങ്ങളും പ്രകടമായിരുന്നു. പക്ഷെ അതൊന്നും ഞാന്‍ അഭിനയത്തിന്റെ തിരക്കുകള്‍ക്കിടയില്‍ അത്ര കാര്യമാക്കിയില്ലെന്നും മഞ്ജു പറയുന്നു.
നീണ്ടു നിന്ന രക്തസ്രാവവും അതിനെ തുടര്‍ന്ന് ബ്രൗണ്‍ നിറത്തിലുള്ള ഡിസ്ചാര്‍ജ് വരാനും തുടങ്ങിയതോടെയാണ് ഗൈനക്കോളജിസ്റ്റിനെ കണ്ടത്. അന്ന് നടത്തിയ സ്‌കാനിംഗില്‍ എന്തോ പ്രശ്‌നം കാണുന്നുണ്ടെന്നും വിശദമായ പരിശോധന നടത്തണമെന്നും ഡോക്ടര്‍ പറഞ്ഞു. ആ പരിശോധനയിലാണ് ഗര്‍ഭപാത്രത്തില്‍ ഫൈബ്രോയ്ഡും സിസ്റ്റും നിറയെ ഉണ്ടെന്ന് മനസിലായത്. അതില്‍ ചില സിസ്റ്റുകള്‍ വലുതായിരുന്നു. മരുന്ന് നല്‍കിയെങ്കിലും ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വരുമെന്ന അവസ്ഥയിലെത്തിയത് അങ്ങനെയാണെന്നും താരം പറയുന്നു.
ഓവറി നിലനിര്‍ത്തി ഗര്‍ഭപാത്രം നീക്കം ചെയ്യാം എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. പക്ഷെ സര്‍ജറി ചെയ്യുമ്പോഴാണ് ഓവറിയും പ്രശ്‌നത്തിലാണെന്ന് മനസിലായത്. അതുകൊണഅട് അതുകൂടി നീക്കേണ്ടി വന്നു. കീഹോള്‍ സര്‍ജറിയാണ് ചെയ്തതെന്നും മഞ്ജു പറയുന്നു.
തുടക്കത്തില്‍ മരുന്ന് കഴിച്ചിരുന്നെങ്കില്‍ എനിക്കൊരിക്കലും ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടാകില്ലായിരുന്നു. നമുക്ക് ഈ പ്രായത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവില്ല എന്ന അമിത ആത്മവിശ്വാസമാണ് നമ്മെ ചതിക്കുന്നത്. പേടിയും സമയമില്ലായ്മയും സാമ്പത്തിക പ്രശ്‌നങ്ങളുമൊക്കെ ഉണ്ടായിരുന്നതു കൊണ്ടാണ് ചികിത്സ നീട്ടി വച്ചത്. സര്‍ജറിയുടെ സമയത്ത് കുടുംബത്തിന്റേയും കൂട്ടുകാരുടേയും വലിയ പിന്തുണയുണ്ടായിരുന്നു. ബുദ്ധിമുട്ടുകള്‍ മനസിലാക്കി എന്റെ മകനും ഒപ്പം നിന്നുവെന്നും മഞ്ജു പറയുന്നു.
വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു പത്രോസ് കടന്നു വരുന്നത്. പിന്നീട് മറിമായത്തിലൂടെ അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് സിനിമകളിലും സജീവമായി മാറി. ഇതിനിടെ ബിഗ് ബോസിലുമെത്തി. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായിരുന്നു മഞ്ജു. ഇപ്പോള്‍ സിനിമകളിലും സീരിയലുകളിലുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ്.