പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് ഏഷ്യാനെറ്റ് സർവ്വേ
തിരുവനന്തപുരം; തെക്കൻ കേരളത്തിൽ കൂടുതൽ സീറ്റ് ലഭിക്കുന്നവർ അധികാരം പിടിക്കുമെന്നാണ് സംസ്ഥാനത്തെ ചരിത്രം. ഇതോടെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മേഖലയിലെ അഞ്ച് ജില്ലകൾ ലക്ഷ്യം വെച്ച് മുന്നേറാൻ ഒരുങ്ങുകയാണ് യുഡിഎഫ്. എന്നാൽ മുന്നണിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി ഇത്തവണയും ഇവിടെ കനത്ത തിരിച്ചടി തന്നെ യുഡിഎഫ് നേരിടുമെന്ന സൂചനയാണ് ഏഷ്യാനെറ്റ് സർവ്വേ ഫലം വ്യക്തമാക്കുന്നത്. സർവ്വേയിലെ വിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി ആകെ 39 മണ്ഡലങ്ങളാണ് ഉള്ളത്. കഴിഞ്ഞ തവണ ഇതിൽ ആറ് മണ്ഡലങ്ങളിലാണ് യുഡിഎഫിന് ജയിക്കാൻ സാധിച്ചത്. തിരുവനന്തപുരത്ത് നിന്ന് നാലും ആലപ്പുഴയിൽ നിന്നും പത്തനംതിട്ടയിൽ നിന്നും ഓരോ സീറ്റുകള് വീതവുമാണ് ലഭിച്ചിരുന്നത്.
ആലപ്പുഴയിൽ 2019 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാനിലൂടെ അരൂർ മണ്ഡലം കൂടി കോൺഗ്രസിന് സാധിച്ചിരുന്നു. എന്നാൽ തിരുവനന്തപുരം ജില്ലയിൽ ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പാർട്ടിക്ക് നഷ്ടമായി. കെ മുരളീധരൻറെ സീറ്റായിരുന്ന വട്ടിയൂർക്കാവായിരുന്നു കോൺഗ്രസിന് നഷ്ടമായത്.പത്തനംതിട്ടിയിൽ കോന്നിയും ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നഷ്ടമായിരുന്നു.
കൊല്ലത്ത് ആകെയുള്ള 11 സീറ്റും എൽഡിഎഫ് ആയിരുന്നു 2016 ൽ പിടിച്ചെടുത്തത്. ഈ സാഹചര്യത്തിൽ നാല് ജില്ലകളിൽ നിന്നായി കുറഞ്ഞത്22 സീറ്റുകളെങ്കിലും നേടി അധികാരം പിടിക്കാനുള്ള നീക്കങ്ങളാണ് യുഡിഎഫിൽ നടക്കുന്നത്. എന്നാൽ യുഡിഎഫ് പ്രതീക്ഷകളെ അസ്ഥാനത്താക്കി മേഖലയിൽ കനത്ത തിരിച്ചടി തന്നെ യുഡിഎഫ് നേരിടുമെന്നാണ് സർവ്വേ ഫലം സൂചിപ്പിക്കുന്നത്.
യുഡിഎഫിൽ 12 മുതൽ 14 വരെ സീറ്റുകൾ വരെ കിട്ടിയേക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. 24 മുതൽ 26 വരെ സീറ്റുകളാണ് എൽഡിഎഫിന് പ്രവചിക്കുന്നത്. എൻഡിഎയ്ക്ക് ഒന്ന് മുതൽ രണ്ട് സീറ്റുകൾ വരെയാണ് പ്രവചിക്കപ്പെടുന്നത്. നിലവിൽ തിരുവനന്തപുരത്ത് നേമത്ത് മാത്രമാണ് ബിജെപി അധികാരത്തിൽ ഉളളത്.
എൽഡിഎഫ് -41, യുഡിഎഫ് – 37, എൻഡിഎ -20 എന്നിങ്ങനെയാണ് വിവിധ പാര്‍ട്ടികൾക്ക് പ്രവചിക്കുന്ന വോട്ടുവിഹിതം.സർവ്വേയിൽ വടക്കൻ കേരളത്തിലും എൽഡിഎഫിന് മുൻതൂക്കമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. 32 മുതൽ 34 സീറ്റുകൾ നേടുമെന്ന് സർവേ.യുഡിഎഫ് 24 മുതൽ 26 സീറ്റുകൾ നേടുമെന്നും സർവ്വേ പ്രവചിക്കുന്നുണ്ട്.
അതേസമയം മധ്യകേരളത്തിൽ യുഡിഎഫിനാണ് സർവ്വേയിൽ മുൻതൂക്കം.ഇതോടെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സംസ്ഥാനത്ത് എൽഡിഎഫ് ഭരണതുടർച്ച നേടിയേക്കുമെന്നും സർവ്വേ പ്രവചിക്കുന്നുണ്ട്. 72 മുതൽ 78 വരെ സീറ്റുകളാണ് എൽഡിഎഫിന് സർവ്വേ പ്രവചിക്കുന്നത്. യുഡിഎഫിന് 59 മുതൽ 65 വരെ സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്.