KeralaNews

മുല്ലപ്പെരിയാറിൽ മുൻസമീപനം തുടരും, പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുമെന്ന ആശങ്ക വേണ്ട- മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തത്തിന് പിന്നാലെ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക ഉയരുന്ന സാഹചര്യത്തിൽ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡാമിന് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചേക്കാമെന്ന ആശങ്ക അടിസ്ഥാനരഹിതമാണ്. വിഷയത്തിൽ നേരത്തെ സർക്കാർ സ്വീകരിച്ച സമീപനം തന്നെ തുടരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി രം​ഗത്തെത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 'മുല്ലപെരിയാറിൽ ഇപ്പോൾ പ്രത്യേക ആശങ്കയുടെ അടിസ്ഥാനമില്ല. പക്ഷേ, മുല്ലപെരിയാറിന്റെ കാര്യത്തിൽ സ‍ർക്കാർ നേരത്തെ സ്വീകരിച്ച സമീപനം തുടർന്നുപോകും. പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചേക്കാമെന്ന ആശങ്കയും ഉണ്ടാകേണ്ടതില്ല', മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് ഡീൻ ആവശ്യം ഉന്നയിച്ചിരുന്നു. ഡാമിന് സമീപത്തുള്ള ജനങ്ങളുടെ ജീവൻ അപകടത്തിലാണ്. 130 വർഷം പഴക്കമുള്ള ഡാമാണത്. പിന്നെ എങ്ങനെ അതിന്റെ സുരക്ഷ സംബന്ധിച്ച് കുഴപ്പമില്ലെന്ന് പറയാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹാരിസ് ബീരാന്‍ എം.പി.യും രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം അണക്കെട്ട് സുരക്ഷിതമാണോ എന്ന് ജനങ്ങളോട് പറയണമെന്നും അതല്ലെങ്കില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാമെന്ന കേരളത്തിന്റെ നിര്‍ദേശം അംഗീകരിക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker