Home-bannerKeralaNews

അമ്മ പകര്‍ന്നു തന്ന ആത്മബലമാണ് രാഷ്ട്രീയ ജീവിതത്തിന്റെ അടിത്തറ; മാതൃദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മുഖ്യമന്ത്രി

കൊച്ചി: മാതൃദിനത്തില്‍ അമ്മയെപ്പറ്റിയുള്ള ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കഷ്ടതകള്‍ സഹിച്ച് താന്‍ ഉള്‍പ്പെടെയുള്ള മക്കളെ വളര്‍ത്തിയ അമ്മയുടെ ഓര്‍മ്മകളാണ് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

ഏതൊരു വ്യക്തിയേയും പോലെ എന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ചത് അമ്മയാണെനും അമ്മയ്ക്കു വേണ്ടി പുസ്തകങ്ങള്‍ ഉറക്കെ വായിച്ചു കൊടുത്താണ് വായന ശീലിച്ചതെന്നും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

അമ്മയ്ക്കായി ഒരു ദിനം മാത്രമല്ല- അമ്മയുടെ ഓര്‍മ്മയുമായി ഒരു ജീവിതം തന്നെയാണ്.

മിക്കവാറും ഏതൊരു വ്യക്തിയേയും പോലെ എന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ചത് അമ്മയാണ്. അച്ഛന്റെ രോഗവും, നേരത്തേയുള്ള മരണവും കാരണം കുടുംബത്തിന്റെ ചുമതല അമ്മയ്ക്ക് സ്വന്തം ചുമലിലേറ്റേണ്ടി വന്നു. സധൈര്യം അമ്മ ആ ഉത്തരവാദിത്വം നിറവേറ്റി. പ്രസവിച്ച പതിനാലു മക്കളില്‍ പതിനൊന്നു പേരെയും നഷ്ടപ്പെട്ട കല്യാണിയുടെ ഏറ്റവും ഇളയ മകനായാണ് വളര്‍ന്നത്. പ്രതിസന്ധികള്‍ക്കിടയിലും അമ്മയെന്നെ പഠിപ്പിച്ചു. ”തോല്‍ക്കും വരെ പഠിപ്പിക്കണം” എന്ന് അധ്യാപകന്‍ പറഞ്ഞപ്പോള്‍ അമ്മ നിശ്ചയദാര്‍ഢ്യത്തിന്റെ താങ്ങുമായി കൂടെ നിന്നു.

അമ്മയുടെ അടുത്തിരുന്ന് അമ്മയ്ക്കു വേണ്ടി പുസ്തകങ്ങള്‍ ഉറക്കെ വായിച്ചു കൊടുത്താണ് വായന ശീലിച്ചത്. ആ ശീലമാണ് രാഷ്ട്രീയ വിദ്യാഭ്യാസത്തിനു തുണയായി മാറിയത്. അമ്മ പകര്‍ന്നു തന്ന ആത്മബലമാണ് രാഷ്ട്രീയ ജീവിതത്തിന്റെ അടിത്തറ പാകിയത്. അമ്മയ്ക്ക് വേണ്ടി സവിശേഷമായി മാറ്റിവെക്കുന്ന ഈ ദിനവും ചിന്തയും ചുറ്റുപാടിലും പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതിന്റേതാകാതെ തരമില്ല.

അതിതീവ്രമായ പ്രതിസസന്ധിയിലൂടെ നാട് കടന്നു പോകുമ്പോള്‍ അസാധാരണമായ ഊര്‍ജ്ജത്തോടെ പൊരുതി മുന്നേറിയേ മതിയാകൂ. നമ്മുടെ തൊട്ടരികില്‍, നമ്മുടെ ഓര്‍മ്മകളില്‍ അമ്മമാരുള്ളിടത്തോളം ത്യാഗത്തിന്റേയും ആത്മവീര്യത്തിന്റേയും ഉദാത്ത മാതൃകകള്‍ തിരഞ്ഞ് മറ്റെങ്ങും പോകേണ്ടതില്ല. ഈ മാതൃദിനത്തില്‍ നന്ദിപൂര്‍വ്വം അമ്മയെ സ്മരിക്കുന്നു. എല്ലാ അമ്മമാരോടും നന്ദി പറയുന്നു. മാതൃത്വത്തിന്റെ മൂര്‍ത്ത ഭാവങ്ങളായ ത്യാഗവും കാരുണ്യവും ധീരതയും ചേര്‍ത്തു പിടിച്ച് ഈ സമയത്തെയും മറികടന്നു നമുക്ക് ഒരുമിച്ചു മുന്നോട്ടു പോകാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker