സി.ബി.ഐ.യെ തടയാന്‍ നിയമനിര്‍മ്മാണം:നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം:ലൈഫ് മിഷനില്‍ സിബിഐ അവരുടെ പണിയെടുക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തു സിബിഐയെ തടയാന്‍ നിയമനിര്‍മാണം പരിഗണിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.എന്നാല്‍ സിബിഐയെ കയറൂരിവിടില്ലെന്നു എല്‍ഡിഎഫ് നിലപാടെടുത്തിരുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങളെ തടയുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു.
സിബിഐയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സിനു സര്‍ക്കാര്‍ നീക്കമുണ്ടെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. സിബിഐയുടെ അന്വേഷണം തടയാനാണ് ഓര്‍ഡിനന്‍സ്. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണ്. പ്രതിപക്ഷം ഇതു ചെറുക്കും. ഒപ്പിടരുതെന്നു ഗവര്‍ണറോട് ആവശ്യപ്പെടും. വേണ്ടിവന്നാല്‍ കോടതിയെ സമീപിക്കും. ലൈഫ് അഴിമതിയില്‍ കുടുങ്ങുമെന്ന് കണ്ടാണു സര്‍ക്കാര്‍ നീക്കം. ഫയല്‍ നിയമ സെക്രട്ടറിയുടെ കയ്യിലാണെന്നും ചെന്നിത്തല പറഞ്ഞു.