‘വഴിയോരക്കച്ചടക്കാരി കുറച്ച് നേരം കടനോക്കി സഹായിക്കാമോ എന്നു ചോദിച്ചു’ ആ സഹായം ചര്‍ച്ചയാകുമെന്ന് കരുതിയില്ല; ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അഖിലേഷ് മിശ്ര പറയുന്നു
ലഖ്നൗ: രണ്ട് ദിവസമായി ഐഎഎസ് ഉദ്യോഗസ്ഥന്‍ വഴിയരികിലെ പച്ചക്കറി വില്‍പ്പന നടത്തുന്നതാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം. ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അഖിലേഷ് മിശ്രയാണ് സോഷ്യല്‍ മീഡിയയിലെ താരം. അദ്ദേഹം തന്നെയാണ് പച്ചക്കറി വില്‍പ്പനയുടെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രയാഗ് രാജില്‍ എത്തിയപ്പോഴായിരുന്നു പച്ചക്കറി വില്‍പ്പന. മിശ്രയുടെ പദവിക്ക് ചേര്‍ന്നതല്ലെന്ന് ഒരു കൂട്ടര്‍ വിമര്‍ശിക്കുമ്പോള്‍, ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ എളിമയാണ് മറ്റൊരു വിഭാഗം പിന്തുണയ്ക്കുന്നത്. ഇതോടെ വിശദീകരണവുമായി മിശ്ര തന്നെ രംഗത്തെത്തി.
അദ്ദേഹത്തിന്റെ വാക്കുകള്‍;
‘ഔദ്യോഗികമായി ഒരു ആവശ്യത്തിന് പ്രയാഗ് രാജ് വരെ പോയതാണ്. അവിടെ നിന്നും പച്ചക്കറി വാങ്ങാനായി ഒരു വഴിയോര വില്‍പ്പനക്കാരിയെ സമീപിച്ചു. പ്രായമായ അവര്‍ എന്നോട് കട അല്‍പ്പം സമയം നോക്കാമോ അവര്‍ക്ക് ഒരു അത്യവശ്യത്തിന് പോകാനുണ്ടെന്ന് പറഞ്ഞു. അവര്‍ പോയ സമയം കടനോക്കി’ ‘കൂടുതല്‍ ആളുകള്‍ പച്ചക്കറി വാങ്ങാന്‍ വന്നതോടെ അവിടെ ഇരുന്ന് ഞാന്‍ തന്നെ സാധനങ്ങള്‍ എടുത്തുകൊടുത്തു. ഇത് എന്റെ സുഹൃത്ത് ക്യാമറയില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ ഇട്ടു. ഇത് ചര്‍ച്ചയായത് ഞാന്‍ ശ്രദ്ധിച്ചില്ല.