ചോദിയ്ക്കാനും പറയാനുംആരുമില്ല!ഇന്ധനവില ഇന്നും കൂടി
കൊച്ചി: രാജ്യത്ത് ഇന്ധന വില വര്‍ധന (fuel Price Hike) ഇന്നും പതിവ് പോലെ തുടരുന്നു. പെട്രോളിനും ഡീസലിനും അര്‍ധരാത്രി വില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയാണ് വര്‍ധിച്ചത്. ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 84 പൈസയുടെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 42 പൈസയാണ് ഇന്നലെ വര്‍ധിച്ചത്. ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 42 പൈസയുടെ വര്‍ധനവാണ് ഇന്നലെ ഉണ്ടായത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ധനവ് തുടര്‍ച്ചയായി കുതിക്കുകയാണ്. മാര്‍ച്ച് 21 മുതല്‍ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടര്‍ച്ചയായ എല്ലാ ദിവസവും വില വര്‍ധിച്ചു.
കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് പത്ത് രൂപയിലധികമാണ് കൂട്ടിയത്. ഡീസലിനും ഒമ്പതര രൂപയോളം ഇതിനിടെ കൂട്ടി. തിരുവനന്തപുരത്ത് 115 രൂപയും കഴിഞ്ഞ് പെട്രോള്‍ ലിറ്ററിന്റെ വില കുതിക്കുകയാണ്. ഡീസല്‍ വിലയും 102 ലേക്കെത്തിയിട്ടുണ്ട്. കൊച്ചിയില്‍ പെട്രോളിന് 114 രൂപക്ക് മുകളിലും ഡീസലിന് നൂറ് രൂപക്ക് മുകളിലുമാകും ഇന്നത്തെ വര്‍ധനയോടെ. കോഴിക്കോടും സമാനമാണ് അവസ്ഥ.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.
ഇന്ധനനികുതി സംസ്ഥാനം കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വീണ്ടും വ്യക്തമാക്കി. ഇന്ധനവില കേന്ദ്രം കൂട്ടാതിരിക്കുകയാണ് വേണ്ടത്. വില കൂട്ടിയിട്ട് സംസ്ഥാനം നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. കേന്ദ്രവിഹിതം 17000 കോടി കുറയുന്ന സാഹചര്യത്തില്‍ അധികവരുമാനം വേണ്ടെന്ന് വയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്നും ഇത് നേരിടാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ധനവില അനിയന്ത്രിതമായി കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എല്ലാ ദിവസവും ഇന്ധനവില വര്‍ധിക്കുന്നത് കേരളം പോലുള്ള ഉപഭോക്ത സംസ്ഥാനങ്ങളില്‍ വമ്പിച്ച വിലക്കയറ്റത്തിന് കാരണമായിത്തീരുമെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. ഇവയ്ക്കെതിരായി വലിയ പ്രക്ഷോഭങ്ങള്‍ രാജ്യത്തെമ്പാടും വളര്‍ന്നുവരികയാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
പിണറായിയുടെ വാക്കുകള്‍
ആഗോളവല്‍ക്കരണ നയം ആരംഭിക്കുന്നതിനു മുമ്പ് 9.8 രൂപയായിരുന്ന പെട്രോളിന്റെ വിലയും, 4.8 രൂപയായിരുന്ന ഡീസലിന്റെ വിലയും ഇന്ന് നൂറ് കവിഞ്ഞിരിക്കുകയാണ്. സബ്സിഡി സിലണ്ടറിന് ആ ഘട്ടത്തില്‍ 56 ഓളം രൂപയാണ് ഉണ്ടായിരുന്നത്. ഇന്ന് അത് ആയിരത്തിന് അടുത്തിരിക്കുകയാണ്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 256 രൂപയാണ്. ഇപ്പോള്‍ വാണിജ്യ സിലിണ്ടറിന്റെ വില 2250 രൂപയായും മാറിക്കഴിഞ്ഞിരിക്കുന്നു. ആഗോളവല്‍ക്കരണം മുന്നോട്ടുവയ്ക്കുന്ന എല്ലാ മേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുക എന്ന നയമാണ് ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് വിട്ടുകൊടുത്ത നടപടിയിലൂടെയാണ് ഇതിന് തുടക്കംകുറിച്ചത്. സ്വകാര്യ എണ്ണ കമ്പനികള്‍ക്ക് ഈ മേഖലയില്‍ അനുവാദം നല്‍കിയതിന്റെ തുടര്‍ച്ച കൂടിയാണ് ഈ നടപടി. എണ്ണ വില സ്ഥിരമാക്കി നിര്‍ത്തിയ ഓയില്‍പൂള്‍ അക്കൗണ്ട് നിര്‍ത്തലാക്കിയ നടപടിയും ഇതിന് കാരണമായിത്തീര്‍ന്നു. പുതിയ എണ്ണ പരിവേഷണം നടത്തി മുന്നോട്ടുപോയ ഒഎന്‍ജിസി യുടെ പദ്ധതികള്‍ പോലും കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുന്ന നയവും ഇക്കാര്യത്തില്‍ ഭാവിയില്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതിനുള്ള സാഹചര്യവും ഉണ്ടാക്കിയിരിക്കുകയാണ്.
വില നിയന്ത്രണം എടുത്തുമാറ്റുമ്പോള്‍ ഉന്നയിച്ച പ്രധാനപ്പെട്ട ഒരു വാദം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോള്‍ അതിനു ആനുപാതികമായ നേട്ടം ഇവിടെ ലഭ്യമാകും എന്നായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോള്‍ എക്സൈസ് നികുതി വര്‍ധിപ്പിക്കുന്ന നയം ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുകയും, അതിന്റെ ഫലമായി അതില്‍ നിന്ന് ലഭിക്കുമെന്ന് പ്രചരിപ്പിച്ച നേട്ടം പോലും നമുക്ക് ലഭിച്ചില്ല. കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തുടങ്ങിവച്ച ആഗോളവല്‍ക്കരണ നയങ്ങള്‍ കൂടുതല്‍ തീവ്രമായി നടപ്പിലാക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 7 വര്‍ഷം കൊണ്ട് സെസ്സ്, അഡീഷണല്‍ സ്പെഷ്യല്‍ ഡ്യൂട്ടി എന്നീ പേരുകളില്‍ പുതിയ നികുതികള്‍ ഇന്ധന മേഖലയില്‍ കൊണ്ടുവന്നു. ക്രൂഡോയില്‍ വിലയില്‍ കുറവ് വന്നാല്‍ പോലും പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ് വരാത്ത രീതിയില്‍ ആണ് സെസ്സും അഡീഷണല്‍ സ്പെഷ്യല്‍ ഡ്യൂട്ടിയും വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരംശം പോലും ലഭിക്കാത്ത നികുതികളാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും പിണറായി പറഞ്ഞു.