രാജ്യത്ത് പുതിയ തരം ഫംഗസ് ബാധ,രണ്ട് മരണം,ആസ്പര്‍ജില്ലസ് ലെന്‍റുലസ്’ അപകടകാരി
ഡൽഹി:രാജ്യത്ത് പുതിയ തരം ഫംഗസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ദില്ലി എയിംസ് ( AIIMS) ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച രണ്ട് പേര്‍ക്കാണ് ‘ആസ്പര്‍ജില്ലസ് ലെന്‍റുലസ്’ (Aspergillus lentulus) എന്ന ഫംഗസ് (fungus) ബാധ സ്ഥിരീകരിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖം മൂലമാണ് ഇവരെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ആസ്പര്‍ജില്ലസ് ലെന്‍റുലസ് സ്ഥിരീകരിക്കുന്നത്. മരുന്നുകളെ പ്രതിരോധിക്കാന്‍ കഴിവുള്ളതാണ് ഈ ഫംഗസ് ബാധ എന്നാണ് വിദഗ്ധര്‍ പറയുന്നത്. 40നും 50നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച രണ്ട് പേരും.
ഇരുവര്‍ക്കും തുടക്കത്തില്‍ ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മിനറി ഡിസീസായിരുന്നു (COPD) എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ പിന്നീടാണ് ഫംഗസ് ബാധ കണ്ടെത്തുന്നത്. സ്വകാര്യ ആശുപത്രിയില്‍ സ്പ്ലിമെന്‍റല്‍ ഓക്സിജന്‍ തെറാപ്പിയും ആന്‍റിബയോട്ടിക്സും ആന്‍റി ഫംഗല്‍ മരുന്നുകളും നല്‍കിയെങ്കിലും ഫലം കാണാഞ്ഞതോടെയാണ് വിശദമായ പരിശോധനയ്ക്കായി എയിംസ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആദ്യത്തെ രോഗി ഫംഗസ് ഇന്‍ഫക്ഷന്‍ മൂലം മരിച്ചത്.
പനി, ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളോടെ എയിംസിലെത്തിയ രോഗിയിലാണ് രണ്ടാമത് ആസ്പര്‍ജില്ലസ് ഫംഗസ് കണ്ടെത്തിയത്. ഒരാഴ്ച്ചയ്ക്ക് ശേഷം അവയവങ്ങളുടെ തകരാര്‍ മൂലം ഇയാളും മരിക്കുകയായിരുന്നു.