KeralaNews

മരിച്ചയാളിന്റെ പേരിൽ പെൻഷൻ; ബാങ്ക്ജീവനക്കാരിക്ക് സസ്പെൻഷൻ, സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ മാറ്റി

തിരുവനന്തപുരം: പെൻഷൻ ഉപഭോക്താവ് മരിച്ചിട്ടും മാസങ്ങളോളം വാർധക്യ പെൻഷൻ വിതരണം ചെയ്തെന്നുവരുത്തി തട്ടിപ്പു നടത്തിയ പരാതിയിൽ ബാങ്ക് ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു.

ജീവനക്കാരിയുടെ ഭർത്താവായ സി.പി.എം. പാങ്ങോട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ തത്‌സ്ഥാനത്തുനിന്നു മാറ്റി പകരം മറ്റൊരു ഏരിയാ കമ്മിറ്റി അംഗത്തിന്‌ ചാർജ് നൽകിയതായാണ് വിവരം.പാങ്ങോട് പഞ്ചായത്തിൽ മുളകിട്ടകാട്ടിൽ ഷൈനാ മൻസിലിൽ ഷിഹാബുദ്ദീന്റെ മകൻ ഷാനവാസാണ് ഇതുസംബന്ധിച്ച് ധനകാര്യമന്ത്രിക്കു പരാതി നൽകിയിരുന്നത്. സർവീസ് സഹകരണ ബാങ്ക് വഴി ഷിഹാബുദ്ദീന്റെ വീട്ടിലാണ് പെൻഷൻ എത്തിച്ചിരുന്നത്. 2023 ഓഗസ്റ്റ് 28-ന് ഷിഹാബുദ്ദീൻ മരിച്ചു.

ബന്ധുക്കൾ മരണം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഷിഹാബുദ്ദീന്റെ പേരിലുള്ള പെൻഷൻ ഈ വർഷം ഫെബ്രുവരിവരെ വിതരണം ചെയ്തതായി രേഖകളിൽ കാണിച്ചാണ് തട്ടിപ്പു നടത്തിയത്.

പെൻഷൻ തുക ഷിഹാബുദ്ദീന്റെ ബന്ധുക്കൾക്ക് ലഭിച്ചതുമില്ല. ഷിഹാബുദ്ദീന്റെ പെൻഷൻ റദ്ദാക്കാൻ സഹകരണ ബാങ്കിൽനിന്നു അറിയിപ്പു ലഭിച്ചതുമില്ല. പരിശോധിച്ചപ്പോൾ പെൻഷൻ തുക കൈമാറിയതായി കണ്ടെത്തുകയായിരുന്നു.

പരാതി സംബന്ധിച്ച് റിപ്പോർട്ട് നൽകുന്നതിന്‌ പാങ്ങോട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിക്ക് കത്തു നൽകുകയും അന്വേഷണത്തിൽ ബാങ്ക് ജീവനക്കാരിയായ ഭാര്യക്കു വേണ്ടി പെൻഷൻ വിതരണം ചെയ്തത് സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണെന്ന് കണ്ടെത്തുകയും ചെയ്തു.സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാങ്ങോട് പഞ്ചായത്ത്, ധനകാര്യവകുപ്പ് സെക്രട്ടറി, വിജിലൻസ് ഡയറക്ടർ, സഹകരണവകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker