KeralaNews

അന്‍വര്‍ രണ്ടും കല്‍പ്പിച്ച്‌!മുഖ്യമന്ത്രിയെ ചിലർ തെറ്റിദ്ധരിപ്പിക്കുന്നു, പുഴുക്കുത്തുകൾക്കെതിരായ പോരാട്ടം തുടരും;പിണറായിക്ക് മറുപടിയുമായി പി.വി. അൻവർ

മലപ്പുറം: വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തന്നെ പരാമര്‍ശിച്ച പുഴുക്കുത്തുകൾക്കെതിരായ പോരാട്ടം തുടരുമെന്ന് പി.വി. അൻവർ എം.എൽ.എ. മുഖ്യമന്ത്രിയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഉപദേശം നൽകുന്നവർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടേയിരിക്കുന്നുവെന്നും അൻവർ നിലമ്പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

താൻ ഉന്നയിച്ച വിഷയങ്ങളെല്ലാം ചില പോലീസ് ഉദ്യോ​ഗസ്ഥർക്കെതിരെയാണ്. എന്നാൽ, ഇക്കൂട്ടർ കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരില്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ്. മറ്റുള്ളവര്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ച പുഴുക്കുത്തുകള്‍ക്കെതിരായാണ് തന്റെ പോരാട്ടം. ഈ പോരാട്ടം തുടരും, അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രി സൂചിപ്പിച്ചത് പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന തീരുമാനമുണ്ടാവില്ല എന്നാണ്. അത് അങ്ങിനെ തന്നെയാണ് വേണ്ടതും. എന്നാല്‍, ഇവിടെ മനോവീര്യം തകരുന്നവർ താന്‍ പറഞ്ഞ് നാലോ അഞ്ചോ ശതമാനം മാത്രമാണ്. സത്യസന്ധരായി പ്രവര്‍ത്തിക്കുന്നവരുടെ മനോവീര്യം വലിയ രീതിയില്‍ ഉയര്‍ന്നിരിക്കുകയാണ്. അത് മുഖ്യമന്ത്രി മനസ്സിലാക്കണം. സത്യസന്ധമായി ഇടപെടാനാകുന്ന തരത്തില്‍ കാര്യങ്ങള്‍ മാറുന്നുവെന്ന് പറഞ്ഞ ഉദ്യോഗസ്ഥരുണ്ട്. പോലീസിനെതിരെ എന്ത് പറഞ്ഞാലും അത് മനോവീര്യം തകര്‍ക്കുകയാണെന്ന് മുഖ്യമന്ത്രിയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.

മലപ്പുറം എസ്.പി ആയിരുന്ന സുജിത്ത് ദാസിന്റെ ഫോണ്‍ കോള്‍ റെക്കോഡ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യം അം​ഗീകരിക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ചെറ്റത്തരമാണ് ചെയ്തതെന്ന് അന്നേ പറഞ്ഞിരുന്നു. എന്നാല്‍, ഇത് പുറത്ത് വിടുന്നതല്ലാതെ തനിക്ക് വേറെ രക്ഷയില്ലായിരുന്നു. മുഴുവന്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. 10,000 രൂപയുടെ മരത്തടി കേസിനാണ് ഈ പോലീസ് ഉദ്യോഗസ്ഥന്‍ എം.എല്‍.എ.യുടെ കാലുപിടിക്കുന്നത്.

എസ്.പിയോട് അന്വേഷണം നടക്കട്ടെ എന്ന് ഞാന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. അത് പറയുമ്പോള്‍ അദ്ദേഹം പിന്നെയും കാലുപിടിക്കും. ഈ കാലുപിടിത്തം തുടരുമ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടത്. ഇങ്ങനെ കൊള്ളയ്ക്കും കൊലയ്ക്കും കൂട്ടുനില്‍ക്കുന്ന ഐ.പി.എസ്. ഓഫീസര്‍ അഞ്ച് വയസ്സുള്ള കുട്ടി പറയുന്നത് പോലെ ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞുകൊണ്ടേയിരുന്നു. സമൂഹത്തെ ബോധിപ്പിക്കാന്‍ കഴിഞ്ഞ ഏക സംഭവം ഈ ഫോണ്‍ റെക്കോഡിങ് ആണ്. ഈ തെളിവുകളൊക്കെ ഉണ്ടായിട്ടും ഇത് ഇപ്പോള്‍ തിരിച്ചുവരികയാണ്. ഈ തെറ്റ് ചെയ്തത് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ്.

സ്വര്‍ണത്തിലെ കുറ്റവാളികളെ മഹത്വവത്ക്കരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് തെറ്റിദ്ധാരണയാണ്. 182 കേസുകള്‍ പോലീസ് പിടിച്ചിട്ടുണ്ട്. ഈ സ്വര്‍ണക്കള്ളക്കടത്ത് തെളിയിക്കാന്‍ എന്താണ് മാര്‍ഗമുള്ളത്. ഇവരെ ചോദ്യംചെയ്യണം. എത്ര സ്വര്‍ണമാണ് കൊണ്ടുവന്നതെന്നും പിന്നീട് എന്ത് നടന്നുവെന്നും കൃത്യമായി പരിശോധിക്കണം. പോലീസ് കൊടുത്ത റിപ്പോര്‍ട്ട് വിശ്വസിച്ചാണ് പാവം മുഖ്യമന്ത്രി ഈ പറയുന്നത്. എന്തുമാത്രമാണ് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചത്.

ഈ കാര്യത്തില്‍ മുഖ്യമന്ത്രി വിശദമായി പഠിക്കേണ്ടതുണ്ട്. വിമാനത്താവളത്തിന്റെ മുന്നില്‍വെച്ചാണ് ഈ പിടിക്കുന്നത്. രാജ്യം അനുശാസിക്കുന്ന നിയമമനുസരിച്ച് അവര്‍ അത് കസ്റ്റംസിനെ അറിയിക്കണം. കാരണം, ഇത് പിടിക്കേണ്ടത് അവരാണ്. ഒരുകേസിലും വിവരം കൊടുത്തിട്ടില്ല. ഇക്കാര്യം പരിശോധിക്കണം. ഈ വിവരം കസ്റ്റംസിനെ അറിയിച്ചാല്‍ 20 ശതമാനം റിവാര്‍ഡുണ്ട്. അത് പോലീസിന്റെ സഹായത്തോടുകൂടി പുറത്തുനിന്നാണ് പിടിക്കണമെങ്കില്‍ അവര്‍ക്കും ഇതില്‍ നിന്ന് പങ്കുലഭിക്കും. ഈ റിവാര്‍ഡ് സുജിത്ത് ദാസിനും ടീമിനും വേണ്ട.

‘ആ കൊണ്ടോട്ടിയിലെ തട്ടാന്റെ കാര്യം മാത്രം അന്വേഷിച്ചാൽ മതി. കൊണ്ടോട്ടി അങ്ങാടിയിലെ എല്ലാവര്‍ക്കും അറിയാം കഴിഞ്ഞ മൂന്നുകൊല്ലമായിട്ട് ഇത് നടക്കുകയാണെന്ന്. കാരിയര്‍മാരായി വന്നവരെ ക്രൂരമായി മര്‍ദിച്ചിട്ടുണ്ട്. ഞാന്‍ തെളിവ് നല്‍കാനുള്ള പരിശ്രമത്തിലാണ്. കുറച്ച് ആളുകൾ തയ്യാറായി വരികയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെ എ.ഡി.ജി.പിയെ മാറ്റാത്തതു കൊണ്ട് ആരും മുന്നോട്ടുവരുന്നില്ല. സ്വകാര്യമായി മൊഴി കൊടുക്കാമെന്ന് പറഞ്ഞെങ്കിലും അവർക്ക് പേടിയാണ്.

ഇത് അന്വേഷിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് അറിയേണ്ട കാര്യം. ഇവർ 102 സി.ആർ.പി.സി പ്രകാരമാണ് കേസെടുക്കുന്നത്. സംശയാസ്പദമായി തോന്നുമ്പോൾ എടുക്കുന്ന കേസാണിത്. യാത്രക്കാരൻ കളവായി കൊണ്ടുവന്നതല്ല. അയാൾ നികുതി വെട്ടിച്ച് കൊണ്ടുവന്നതാണ്. അപ്പോൾ ഇത് കളവുമുതലല്ല. കോടതിയിൽ ഇത് നിൽക്കില്ല. പോലീസ് ഇത് കസ്റ്റംസിനെ അറിയിച്ചില്ല. അവർ ചെയ്യേണ്ട ജോലിയാണ്. അവരാണ് ഈ പണി ചെയ്യേണ്ടതും. കാര്യം അറിയിച്ച് റിവാർഡ് വാങ്ങുന്നതിന് പകരം ആവശ്യമുള്ള സ്വർണം എടുത്തതിന് ശേഷമാണ് കോടതിയിൽ ഹാജരാക്കുകയാണ്. ഇതിൽ നിന്നെന്താണ് മനസ്സിലാക്കേണ്ടത്. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

ഇത്രയും കാലം ഞാൻ പി. ശശിക്കെതിരേ രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണ് ഉന്നയിച്ചത്. കള്ളക്കടത്ത് സംഘത്തിൽ നിന്നും ഒരു പങ്കുപോലും ശശി പറ്റുന്നുണ്ടോ എന്ന് പരിശോധിക്കണം. മുഖ്യമന്ത്രി പറയുന്നുണ്ട് തനിക്ക് കിട്ടിയ റിപ്പോർട്ട് എന്ന്. എന്താണ് ആ റിപ്പോർട്ട്. എ.ഡി.ജി.പി. എഴുതി നൽകിയതാണ് റിപ്പോർട്ട്. ഇപ്പോൾ മരംമുറി കേസ് നടക്കുകയല്ലേ. വിജിലൻസ് അന്വേഷണം സത്യസന്ധമാണെന്ന അഭിപ്രായം എനിക്കില്ല.

എന്തും പിടിക്കാനുള്ള അധികാരം പോലീസിനുണ്ട്. അവർ മണ്ണുപിടിക്കുന്നില്ലേ, മരം പിടിക്കുന്നില്ലേ. എന്നാൽ, പിടിച്ചാൽ പ്രതിയേയും തൊണ്ടിമുതലിനേയും കൈമാറണ്ടേടത്ത് കൈമാറണം. വഴിയിൽ നിന്ന് സ്വർണം കിട്ടിയാൽ കളവാണെന്ന് സംശയിക്കാം. എന്നാൽ, വിമാനത്താവളത്തിന്റെ മുറ്റത്ത് നിന്നും പിടിക്കുമ്പോൾ അത് കസ്റ്റംസിന് കൈമാറണം’, പി.വി. അൻവർ പറഞ്ഞു.

പി.വി.അന്‍വറിനെതിരെ രൂക്ഷവിമര്‍ശനവുമായി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ രം​ഗത്തെത്തിയിരുന്നു. ഇടതു പശ്ചാത്തലമുള്ള ആളല്ല അന്‍വറെന്നും കോണ്‍ഗ്രസില്‍നിന്ന് വന്നയാളാണെന്നും തുറന്നടിച്ച് മുഖ്യമന്ത്രി തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി മാതൃകാപരമായ പ്രവര്‍ത്തനാണ് നടത്തുന്നതെന്നും പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker