ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; 100-ലധികം വിമാനങ്ങളും 30-ഓളം തീവണ്ടികളും വൈകി
ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് വിമാനങ്ങളും ട്രെയിനുകളും വൈകി. ഫ്ലൈറ്റ്റാഡാർ 24 അനുസരിച്ച്, പ്രതികൂല കാലാവസ്ഥമൂലം 100-ലധികം വിമാനങ്ങൾ വൈകി. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട 17 വിമാനങ്ങൾ റദ്ദാക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു. 5 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. നിരവധി യാത്രക്കാർ ലഗേജുമായി വിമാനത്താവളത്തിൽ കാത്തുനിൽക്കേണ്ട അവസ്ഥയുണ്ടായി.
ഡൽഹി വിമാനത്താവളത്തിൽ ദൃശ്യപരത കുറഞ്ഞ സാഹചര്യത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും എല്ലാ ഫ്ലൈറ്റ് പ്രവർത്തനങ്ങളും നിലവിൽ സാധാരണമാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.ഫ്ലൈറ്റ് വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈനുമായി ബന്ധപ്പെടാനും അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു. അതേസമയം, മൂടൽമഞ്ഞ് മൂലം ജനുവരി 16 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള 30 ട്രെയിനുകൾ വൈകി ഓടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.