FeaturedHome-bannerKeralaNews

ഇന്ന് ഈ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത, ‘മിന്നൽ പ്രളയം കരുതിയിരിക്കണം’

തിരുവനന്തപുരം: ചുഴലിക്കാറ്റ്, ന്യൂനമര്‍ദം, ഒപ്പം പേമാരിയും -ഇതാണ് കേരളത്തിന്റെ പല ഭാഗത്തെയും രണ്ടുദിവസത്തെ കാലാവസ്ഥാമുന്നറിയിപ്പ്. കഴിഞ്ഞ രണ്ടുദിവസത്തെ പേമാരികൊണ്ടുതന്നെ പല നഗരത്തിലും വെള്ളമൊഴിയാതെ ഭീതിനിറച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം വെള്ളിയാഴ്ച തീവ്രന്യൂനമര്‍ദമാവും. ശനിയാഴ്ച രാവിലെ ഇത് റിമാല്‍ ചുഴലിക്കാറ്റായി മാറും. ഞായറാഴ്ച വൈകുന്നേരം തീവ്രചുഴലിക്കാറ്റായി പശ്ചിമബംഗാള്‍-ബംഗ്ലാദേശ് തീരത്ത് എത്തുമെന്നാണ് പ്രവചനം.

സംസ്ഥാനത്ത് അതിതീവ്രമഴ പ്രതീക്ഷിക്കുന്നതായും മിന്നല്‍പ്രളയത്തെ കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറഞ്ഞ സമയംകൊണ്ടുള്ള വലിയ മഴയില്‍ മലവെള്ളപ്പാച്ചിലും മിന്നല്‍പ്രളയവും ഉണ്ടായേക്കാം. നഗരപ്രദേശങ്ങളിലും താഴ്ന്നപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനിടയുണ്ട്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്- മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

കേരളത്തെ വെള്ളക്കെട്ടില്‍ മുക്കിയ കനത്തമഴയ്ക്ക് കാരണം ലഘുമേഘവിസ്‌ഫോടനമെന്ന് കാലാവസ്ഥാവിദഗ്ധര്‍. അറബിക്കടലില്‍ രൂപംകൊണ്ട ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവുമാണ് കാരണമായത്. നല്ല ഉയരത്തില്‍ കനത്ത രീതിയില്‍ രൂപപ്പെടുന്ന മേഘങ്ങളില്‍നിന്ന് മഴ രൂപപ്പെടുന്നതിനെയാണ് മേഘവിസ്‌ഫോടനമെന്ന് പറയുന്നത്.

മണിക്കൂറില്‍ 10 സെന്റീമീറ്റര്‍ മഴ ലഭിക്കുമ്പോഴാണ് മേഘവിസ്‌ഫോടനത്തിന്റെ പ്രതിഫലനമെന്ന് വിളിക്കുക. കേരളത്തില്‍ രണ്ടുദിവസങ്ങളിലായി പലയിടത്തും ശരാശരി 9 സെന്റീമീറ്ററിനടുത്ത് മഴ ലഭിച്ചെന്ന് കുസാറ്റ് അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫിയറിക് റഡാര്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എസ്. അഭിലാഷ് പറഞ്ഞു.

കൃഷിക്കും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി നദീജലത്തിന്റെ വിനിയോഗം ക്രമപ്പെടുത്തുന്നതിനെപ്പറ്റി സര്‍ക്കാര്‍ പഠിക്കുന്നു. മഴക്കാലത്ത് നദികള്‍ വിവിധ ജില്ലകളില്‍ വെള്ളപ്പൊക്കത്തിനും ദുരന്തങ്ങള്‍ക്കും കാരണമാകുന്ന സാഹചര്യത്തിലാണിത്. ഇതിനായി വിഷയവിദഗ്ധരുടെ എട്ടംഗ സാങ്കേതികസമിതി രൂപവത്കരിച്ചു.

സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡിവലപ്മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് മുന്‍ എക്‌സിക്യുട്ടീവ് ഡയറക്ടറും കാരുണ്യ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലറുമായ ഡോ. ഇ.ജെ.ജെയിംസ് ചെയര്‍മാനായാണ് സമിതി. നദികള്‍, തടാകങ്ങള്‍, കുളങ്ങള്‍ തുടങ്ങിയ ജലസ്രോതസ്സുകള്‍ വ്യാപകമായി സംസ്ഥാനത്തുണ്ടെങ്കിലും അവയെ ഫലപ്രദമായ ജലസേചനശൃംഖലയായി മാറ്റാന്‍ കഴിഞ്ഞിട്ടില്ല.

സംസ്ഥാനത്തെ നദികളുടെ സമൃദ്ധി വേനല്‍ക്കാലത്തെ ജലക്ഷാമം പരിഹരിക്കാന്‍ സഹായകരമായിട്ടില്ല. അതേസമയം പ്രളയകാലത്ത് ഇവ വെള്ളപ്പൊക്കത്തിന് കാരണമാകുകയും ഇത് ജീവനും സ്വത്തിനും നഷ്ടമുണ്ടാക്കുകയും ചെയ്യുന്നു. വന്‍കിട, ഇടത്തരം ജലസേചന പദ്ധതികളിലെയും ചെറുകിട, സൂക്ഷ്മ ജലസേചനത്തിലെയും നിക്ഷേപം ആവശ്യമായ നേട്ടമുണ്ടാക്കിയിട്ടില്ല.

നദീജലസ്രോതസ്സുകളുമായി ബന്ധപ്പെട്ട നിലവിലെ പ്രധാന പദ്ധതികളുടെ പട്ടിക തയ്യാറാക്കാന്‍ സമിതിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

കടലിലേക്ക് ഒഴുകുന്ന നദീജലം സംഭരിച്ച് സംസ്ഥാനത്തിനുള്ളില്‍ വേനല്‍ക്കാലത്ത് ഉപയോഗിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കണം. ഇതിനായി പ്രത്യേക സംഭരണസംവിധാനങ്ങള്‍ ഒരുക്കണം. നടപടികള്‍ക്ക് എത്രമാത്രം ചെലവ് വരുമെന്നും അത് സമാഹരിക്കാനുള്ള നടപടികളും വിശദമാക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button