30.6 C
Kottayam
Saturday, April 20, 2024

ഓപ്പറേഷൻ താമര; തുഷാർ വെള്ളാപ്പള്ളിക്ക് ലുക്ക്ഔട്ട് നോട്ടീസ്

Must read

ഹൈദരാബാദ്: തെലങ്കാന ഓപ്പറേഷന്‍ ലോട്ടസ് കേസില്‍ എന്‍ഡിഎയുടെ കേരളത്തിലെ കണ്‍വീനറായ തുഷാർ വെള്ളാപ്പള്ളിക്ക് ലുക്ക്ഔട്ട് നോട്ടീസ്. ജഗ്ഗു സ്വാമിക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചോദ്യംചെയ്യലിന് ഹാജരാകാത്തതിന് പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് കൂടുതല്‍ സമയം തേടി.മൊബൈല്‍ ഫോണ്‍ അടക്കം ഹാജരാക്കണമെന്നും സഹകരിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും ബിഎല്‍ സന്തോഷിന് അയച്ച നോട്ടീസില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. 

തെലങ്കാനയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ‘ഓപ്പറേഷന്‍ ലോട്ടസ്’ പദ്ധതിക്ക് പിന്നില്‍ പ്രധാനമായി പ്രവര്‍ത്തിച്ചത് തുഷാറാണെന്നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അടുത്തിടെ ആരോപിച്ചത്. ടി ആര്‍ എസ് എം എല്‍ എമാരെ സ്വാധീനിക്കാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനിയായ തുഷാറാണെന്നായിരുന്നു ആരോപണം. എം എൽ എ മാരെ പണം നൽകി ചാക്കിലാക്കാൻ ബി ജെ പി നടത്തിയ ശ്രമത്തിന്‍റെ വീഡിയോ, കോൾ റെക്കോര്‍ഡിംഗ് തെളിവുകളടക്കം പുറത്ത് വിട്ടാണ് കെ സി ആ‍ര്‍ ‘ ഓപ്പറേഷൻ ലോട്ടസ് ‘ ആരോപണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കോടികളുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റും ചെയ്തിരുന്നു. 

കേസിൽ അറസ്റ്റിലായ മൂന്ന് ഏജന്‍റുമാരും തുഷാറിനെ ബന്ധപ്പെട്ടതിന്‍റെ ഫോൺ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. തുഷാർ, അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്നും കെ സി ആ‍ര്‍ ആരോപിച്ചിരുന്നു. കെ സി ആറിന്‍റെ ആരോപണം ബി ജെ പിയും തുഷാർ വെള്ളാപ്പള്ളിയും തള്ളിയതിന് പിന്നാലെ ബി ഡി ജെ എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖയും പുറത്ത് വന്നിരുന്നു. ടി ആർ എസി ന്‍റെ, എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്താമെന്ന് ശബ്ദരേഖയില്‍ തുഷാർ വെള്ളാപ്പള്ളി പറയുന്നുണ്ട്. ബി എല്‍ സന്തോഷുമായി സംസാരിച്ച് കാര്യങ്ങള്‍ ഉറപ്പിക്കാമെന്നും ശബ്ദരേഖയില്‍ തുഷാര്‍ പറയുന്നുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week