ഇനി ‘ദൈവസമ്പര്‍ക്കം’ ഉമ്മന്‍ചാണ്ടിയ്ക്ക് പുതുപ്പള്ളിയില്‍ നിത്യവിശ്രമം
കോട്ടയം:പുതുപ്പള്ളിയുടെ വിശ്വപൗരന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നിത്യവിശ്രമം. സംസ്കാര ശുശ്രൂഷകളുടെ അവസാന ഭാഗവും പൂർത്തിയാക്കി ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പ്രത്യേകം ക്രമീകരിച്ച കല്ലറയില്‍ അടക്കി.
പള്ളിയിലെ അന്ത്യ ശുശ്രൂഷകൾക്കു ശേഷം ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എല്ലാവർക്കും നന്ദിയറിയിച്ചു. തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികൾക്കിടയിലൂടെയും വിലാപഗാനത്തിന്റെ അകമ്പടിയോടെയും പുതുപ്പള്ളി പള്ളിയിലെത്തിച്ച മൃതദേഹത്തിൽ, അദ്ദേഹത്തിന്റെ മരണത്തിന്റെ മൂന്നാം ദിനം രാത്രി വൈകിയും നൂറു കണക്കിനു പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
എത്ര തിരക്കുണ്ടെങ്കിലും എല്ലാ ഞായറാഴ്ചയും മുടങ്ങാതെ എത്തിയിരുന്ന പുതുപ്പള്ളി പള്ളിയിലേക്കുള്ള ഉമ്മൻ ചാണ്ടിയുടെ അവസാന യാത്രയിൽ പതിനായിരങ്ങൾ നിറകണ്ണുകളോടെ ആംബുലൻസിനൊപ്പം നടന്നെത്തി. അവസാന ഘട്ടത്തിൽ രാഹുൽ ഗാന്ധിയും വിലാപയാത്രയുടെ ഭാഗമായി. ഇതിനു ശേഷമായിരുന്നു അവസാന ഘട്ട പൊതുദർശനം.
ജനസാഗരത്തിന്റെ അന്തിമോപചാരമേറ്റുവാങ്ങി ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കര മൈതാനിയില്‍നിന്ന് പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടത്. ജനത്തിരക്ക് കാരണം മുന്‍നിശ്ചയിച്ചതില്‍നിന്ന് മണിക്കൂറുകളോളം വൈകി അഞ്ചരയോടെയാണ് പുതുപ്പള്ളിയിലെത്തിയത്. തറവാട്ട് വീട്ടിൽ പൊതുദർശനത്തിനു ശേഷം ഭൗതിക ശരീരം പുതിയതായി പണികഴിപ്പിക്കുന്ന വീട്ടിലേക്ക് എത്തിച്ചു.
എട്ടുമണിക്കു ശേഷമാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലേക്ക് പുറപ്പെട്ടത്. ഒമ്പത് മണിയോടെ പള്ളിയിൽ സംസ്കാരശുശ്രൂഷ ആരംഭിച്ചു. പ്രത്യേകമായി തയ്യാറാക്കിയ കല്ലറയിലാണ് അന്ത്യവിശ്രമം. പള്ളിക്കുള്ളില്‍ ശുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ മുഖ്യകാര്‍മികത്വം വഹിച്ചു. 20 മെത്രാപ്പൊലിത്തമാരും 1000 പുരോഹിതന്‍മാരും സഹകാര്‍മ്മികരായി. ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം നേരത്തെ അറിയിച്ചതിനാല്‍ ഇതുപ്രകാരം ഔദ്യോഗിക ബഹുമതിയില്ലാതെയാണ് സംസ്‌കാരം നടന്നത്.
രാവിലെ 11 മണിയോടെയാണ് വിലാപയാത്ര തിരുനക്കരയില്‍ എത്തിയത്. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ സിനിമാ താരങ്ങളും വിവിധ രാഷ്ട്രീയ, സാമുദായിക നേതാക്കളും തിരുനക്കരയിലെത്തി ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരമര്‍പ്പിച്ചിരുന്നു. ഊണും ഉറക്കവുമറിയാതെ, വിശ്രമമില്ലാതെ ജനങ്ങളാല്‍ ചുറ്റപ്പെട്ട്, ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ഉമ്മന്‍ ചാണ്ടിക്ക് വിടനല്‍കാന്‍ എം.സി റോഡിന് ഇരുവശവും ജനസാഗരം മണിക്കൂറുകളോളം വിശ്രമമറിയാതെ കാത്തുനിന്നു.
തിരുവനന്തപുരത്തുനിന്ന് 12 മണിക്കൂര്‍ കൊണ്ട് തിരുനക്കര എത്താമെന്ന് കണക്കുകൂട്ടിയ വിലാപയാത്ര എത്തിച്ചേര്‍ന്നത് 28 മണിക്കൂറോളം സമയമെടുത്താണ്. കണ്ഠമിടറി മുദ്രാവാക്യം വിളികളോടെയാണ് അണികള്‍ വഴിനീളെ പ്രിയ നേതാവിനെ യാത്രയാക്കിയത്. ഉമ്മന്‍ ചാണ്ടി ആരായിരുന്നു എന്നതിന് ജനങ്ങള്‍ നല്‍കിയ ബഹുമതിയായിരുന്നു വൈകാരികമായ ഈ യാത്രയയപ്പ്.