മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയില്‍ നിന്ന് വന്ന 31കാരന്
പുതുച്ചേരി: മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പള്ളൂര്‍ ഇരട്ടപിലാക്കൂല്‍ സ്വദേശിയായ മുപ്പത്തിയൊന്നുകാരനാണ് രോഗം സ്ഥിരീകരിച്ചത്. മാഹി ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഈ മാസം 18 നാണ് ഈ വ്യക്തി മഹാരാഷ്ട്രയില്‍ നിന്ന് നാട്ടിലെത്തിയത്. 25 പേര്‍ ഒന്നിച്ച് ഒരു ബസിലാണ് വന്നത്.
ഇന്നലെയും മാഹിയില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈസ്റ്റ് പള്ളൂര്‍ സ്വദേശിയായ അന്‍പതുകാരനാണ് രോഗം ബാധിച്ചത്. ദുബായില്‍ നിന്ന് ഞായറാഴ്ച രാത്രിയാണ് ഇയാള്‍ നാട്ടിലെത്തിയത്.
ദുബായ് കണ്ണൂര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കണ്ണൂര്‍ വിമാനത്തവളത്തിലിറങ്ങിയ ശേഷം കെ.എസ്.ആര്‍.ടി.സി ബസില്‍ ഇയാള്‍ മാഹി അതിര്‍ത്തിവരെയെത്തി. അവിടെ നിന്ന് മാഹി ആരോഗ്യവകുപ്പിന്റെ ആംബുലന്‍സില്‍ മാഹി ജനറല്‍ ആശുപത്രിയിലെത്തിച്ചു. അതിന് ശേഷം നടത്തിയ പരിശോധനയിലാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്.