KeralaNews

ഹണിട്രാപ്പ് ഒരുക്കി യുവാവിന്‍റെ പണവും സ്വർണവും പിടിച്ചുപറിച്ചു; ഒരാൾ പിടിയിൽ

തിരുവനന്തപുരം: ഹണിട്രാപ്പിൽ കെണിയിലാക്കി യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിക്കുകയും സ്വർണാഭരണങ്ങളും പണവും രേഖകളും കവരുകയും ചെയ്ത കേസിൽ ഒരാളെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു.

ഐരാണിമുട്ടം ചിറപ്പാലം സ്വദേശി സച്ചു എന്ന് വിളിയ്ക്കുന്ന സച്ചിൻ(23)നെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികൾക്ക് വേണ്ടിപോലീസ് അന്വേഷണം ഊർജിതമാക്കി.

പോലീസ് പറയുന്നത് ഇങ്ങനെ: സ്ത്രീയാണെന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും വാട്ട്സ് ആപ്പിലൂടെയുമാണ് ചാറ്റിംഗ് നടത്തി സച്ചിൻ ഉൾപ്പെട്ട പ്രതികൾ ഇരകളെ വീഴ്ത്തിയത്. നെടുമങ്ങാട് സ്വദേശിയായ യുവാവിനെ പെണ്‍കുട്ടിയാണെന്നു വിശ്വസിപ്പിച്ചു പ്രലോഭിപ്പിച്ചു പ്രതികൾ കഴിഞ്ഞ ദിവസം നേരിൽ കാണാനായി ആറ്റുകാൽ പാർക്കിംഗ് ഗ്രൗണ്ടിലേക്കു വിളിച്ചു വരുത്തി.

സ്വന്തം കാറിൽ അവിടെയെത്തിയ യുവാവിനെ സച്ചിനും സംഘവും ചേർന്ന് ഐരാണിമുട്ടം ഹോമിയോ കോളജിനു സമീപത്തെ ഗ്രൗണ്ടിലെത്തിച്ച് ഇയാളുടെ കൈവശമുണ്ടായിരുന്ന സ്വർണ മോതിരം, 16,000 രൂപ, ആർസി ബുക്കിന്‍റെയും വാഹന ഇൻഷ്വറൻസിന്‍റെയും രേഖകൾ എന്നിവ തട്ടിയെടുത്തു.

യുവാവിനെ മർദിച്ചവശനാക്കി നഗ്നനാക്കിയ ശേഷം വീഡിയോ ചിത്രീകരിച്ചു. തുടർന്നു റോഡിൽ തള്ളിയിട്ട ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഈ വിവരം പുറത്തു പറഞ്ഞാൽ നഗ്ന വീഡിയോ പുറത്തു വിടുമെന്നും ആവശ്യപ്പെടുന്പോൾ പണം നൽകണമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു.

സംഭവത്തിനു ശേഷം വീട്ടിലേക്കു പോയ യുവാവിന്‍റെ ഫോണിലേക്കു പ്രതികൾ വിളിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടർന്നു യുവാവ് ഫോർട്ട് പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്തു പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്തു.

നാലു പേർ ഒളിവിലാണ് ഇവരെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു. ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർ എസ്.ഷാജിയുടെ നിർദേശാനുസരണം ഫോർട്ട് സിഐ. രാകേഷ്, എസ്ഐമാരായ സജു എബ്രഹാം, ദിനേശൻ, സിപിഒമാരായ സാബു, പ്രബൽ, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker