കാല്‍വഴുതി വീണ് മൂവാറ്റുപുഴയാറിലൂടെ വയോധിക ഒഴുകി നടന്നത് 20 മണിക്കൂര്‍! അന്നക്കുട്ടിയ്ക്ക് ഇത് പുതുജീവന്‍
പിറവം: കാല്‍വഴുതി തോട്ടില്‍ വീണ് മൂവാറ്റുപുഴയാറിലൂടെ 20 മണിക്കൂര്‍ ഒഴുകി നടന്ന വയോധികയ്ക്ക് പുതുജീവന്‍. മൂവാറ്റുപുഴയാറിലെ കുത്തൊഴുക്കിനെ അതിജീവിച്ച് സൗത്ത് മാറാടി ചേലാടി പുത്തന്‍പുരയില്‍ ചെറിയാന്റെ ഭാര്യ അന്നക്കുട്ടിയാണ് (68) രക്ഷപെടുമ്പോള്‍ ഒമ്പത് കിലോമീറ്റര്‍ പിന്നിട്ടിരുന്നു. മൂവാറ്റുപുഴയാറിലെ അപകട മേഖലയായ കായനാട് ചെക്ക് ഡാം ഉള്‍പ്പെടെ തരണം ചെയ്ത അന്നക്കുട്ടിക്ക് ആറിന്റെ മധ്യഭാഗത്ത് ഉറച്ചു നിന്ന മരക്കമ്പില്‍ പിടിത്തം കിട്ടിയതാണ് രക്ഷയായതെന്ന് പോലീസ് പറയുന്നു.
ഇന്നലെ വൈകിട്ട് നാലോടെ രാമംമഗലം മെതിപാറയ്ക്കു സമീപം വള്ളത്തില്‍ വരികയായിരുന്ന രാമമംഗലം പനങ്ങാട്ടില്‍ വര്‍ഗീസാണ് അന്നക്കുട്ടിയെ കാണുന്നത്. പുഴയുടെ മധ്യത്തില്‍ മണല്‍ത്തിട്ടയില്‍ ഉറച്ച മരക്കമ്പില്‍ പിടിച്ചു കിടക്കുകയായിരുന്നു അന്നക്കുട്ടി. വള്ളം കണ്ടതോടെ അടുത്തേക്കു നീന്താന്‍ ശ്രമിച്ചെങ്കിലും കുഴഞ്ഞുപോയി. വര്‍ഗീസും ഒപ്പമുണ്ടായിരുന്ന സുമേഷ് ഉണ്ണിയും ചേര്‍ന്നാണ് അന്നക്കുട്ടിയെ കരയിലെത്തിച്ചത്. ആരോഗ്യനില മോശമായതിനാല്‍ അന്നക്കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഏഴോടെയാണ് അന്നക്കുട്ടിയെ കാണാതായത്. വീടിനു സമീപത്തുള്ള തോട്ടില്‍ കാല്‍വഴുതി വീഴുകയായിരുന്നു. തോട് മൂവാറ്റുപുഴയാറിലേക്കാണ് ചേരുന്നത്.