ആംബുലന്‍സ് ലഭിച്ചില്ല; മരിച്ച വയോധികന്റെ മൃതദേഹം വീട്ടിലെത്തിച്ചത് പിക്കപ്പ് ജീപ്പില്‍, സംഭവം പ്രബുദ്ധ കേരളത്തില്‍
പീരുമേട്: ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ചയാളുടെ മൃതദേഹം വീട്ടില്‍ എത്തിച്ചത് പിക്കപ്പ് ജീപ്പില്‍. പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകിട്ട് മരിച്ച ഏലപ്പാറ സ്വദേശി രാജു (70)വിന്റെ മൃതദേഹമാണ് പിക്കപ്പ് ജീപ്പില്‍ അകന്ന ബന്ധുവിന്റെ വീട്ടില്‍ എത്തിക്കേണ്ട സ്ഥിതിയുണ്ടായത്. ആശുപത്രിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെ പള്ളിക്കുന്ന് പുതുവലില്‍ മൃതദേഹം എത്തിക്കാന്‍ ബന്ധുക്കള്‍ ആംബുലന്‍സ് ആവശ്യപ്പെട്ടു. എന്നാല്‍ ആശുപത്രി വക ആംബുലന്‍സ് അപകടത്തില്‍ പരുക്കേറ്റയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ പോയി എന്ന മറുപടിയാണു ലഭിച്ചത്.
300 മീറ്റര്‍ അകലെയുള്ള പീരുമേട് അഗ്‌നിശമനസേനാ വിഭാഗത്തിന്റെ ആംബുലന്‍സിന്റെ സേവനം ആവശ്യപ്പെട്ടെങ്കിലും മൃതദേഹം കൊണ്ടുപോകാന്‍ നല്‍കുന്നതിനു നിയമം അനുവദിക്കുന്നില്ല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. പീരുമേട് താലൂക്ക് ആശുപത്രിയില്‍ സമീപ പ്രദേശങ്ങളില്‍ അന്വേഷണം നടത്തിയിട്ടും ആംബുലന്‍സ് കിട്ടിയില്ല. തുടര്‍ന്ന് നാട്ടുകാര്‍ പിക്കപ് ജീപ്പ് വരുത്തി പള്ളിക്കുന്ന് പുതുവേലിലുള്ള അകന്ന ബന്ധുവിന്റെ വീട്ടില്‍ മൃതദേഹം എത്തിക്കുകയായിരുന്നു.