KeralaNews

നിലപാട് കടുപ്പിച്ച് എൻഎസ്എസ്; ബുധനാഴ്ച വിശ്വാസസംരക്ഷണ ദിനം, ഗണപതിക്ഷേത്രത്തിലെത്തി വഴിപാട് നടത്താൻ ആഹ്വാനം

പെരുന്ന: സ്പീക്കർ എഎൻ ഷംസീറിനെതിരെ നിലപാട് കടുപ്പിച്ച് എൻഎസ്എസ്. ഗണപതിയെ സംബന്ധിച്ചു നടത്തിയ പരാമർശം ഷംസീർ പിൻവലിച്ചു മാപ്പുപറയണമെന്ന എൻഎസ്എസിൻ്റെ ആവശ്യം നിസ്സാരവത്കരിച്ചതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.

വിശ്വാസസംരക്ഷണത്തിൻ്റെ ഭാഗമായി എൻഎസ്എസ് പ്രവർത്തകരും വിശ്വാസികളും ബുധനാഴ്ച വിശ്വാസസംരക്ഷണദിനം ആചരിക്കാൻ സുകുമാരൻ നായർ ആഹ്വാനം ചെയ്തു. ഇതു സംബന്ധിച്ച നിർദേശം എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറിമാർക്ക് നൽകി.

എൻഎസ്എസിൻ്റെ പ്രസ്താവന

“നമ്മുടെ ആരാധനാമൂർത്തിയായ ഗണപതിഭഗവാനെ സംബന്ധിച്ചു സംസ്ഥാന നിയമസഭാ സ്പീക്കർ നടത്തിയ പരാമർശം നമ്മെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഗണപതി എന്നത് ‘മിത്ത്’ (കെട്ടുകഥ) ആണെന്നും ശാസ്ത്രീയമായ ഒന്നല്ല എന്നുമുള്ള അദ്ദേഹത്തിൻ്റെ പരാമർശമാണ് അതിനിടയാക്കിയത്.

ഈ നടപടി ജനാധിപത്യത്തിൽ വിശ്വസിക്കുന്ന, സ്പീക്കർതന്നെ ആയാലും ഒരുത്തർക്കും യോജിച്ചതല്ലെന്നും പരാമർശം പിൻവലിച്ചു മാപ്പുപറയണമെന്നും അല്ലാത്തപക്ഷം അതിന്മേൽ ഗവൺമെൻ്റിൻ്റെ ഭാഗത്തുനിന്നു നടപടി ഉണ്ടാകണമെന്നും നമ്മൾ ആവശ്യപ്പെട്ടു. അതിനെ നിസ്സാരവത്കരിച്ചുകൊണ്ടുള്ള ബന്ധപ്പെട്ടവരുടെ നിലപാടിൽ ശക്തമായ പ്രതിഷേധമാണ് നമുക്കുള്ളത്.

അതിൻ്റെ അടിസ്ഥാനത്തിൽ നമ്മുടെ വിശ്വാസം സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി ഓഗസ്റ്റ് രണ്ടാം തീയതി വിശ്വാസസംരക്ഷണദിനം ആചരിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. അന്നേദിവസം എൻഎസ്എസ് പ്രവർത്തകരും വിശ്വാസികളുമായിട്ടുള്ളവർ രാവിലെതന്നെ അവരവരുടെ വീടിനടുത്തുള്ള ഗണപതിക്ഷേത്രത്തിൽ എത്തി വഴിപാടുകൾ നടത്തുകയും വിശ്വാസസംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർഥിക്കുകയും ചെയ്യേണ്ടതാണ്.

ഇതിൻ്റെ പേരിൽ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകുവാൻ പാടില്ലെന്ന് പ്രത്യേകം ഓർമ്മിക്കുന്നു. ഈ സന്ദേശം എല്ലാ കരയോഗ ഭവനങ്ങളിലും ഇന്നുതന്നെ എത്തിക്കാൻ ആവശ്യമായ നടപടികൾ താലൂക്ക് യൂണിയനുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതാണ്”.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker