KeralaNews

പോപ്പുലർ ഫ്രണ്ടിന്റെ ആയുധപരിശീലന-സംഭരണ കേന്ദ്രം: മഞ്ചേരിയിലെ ‘ഗ്രീൻവാലി’ കണ്ടുകെട്ടി എന്‍ഐഎ

മലപ്പുറം: മഞ്ചേരി ഗ്രീന്‍വാലി അക്കാദമി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) കണ്ടുകെട്ടി. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ കീഴില്‍പ്രവർത്തിച്ച് വന്നിരുന്ന അക്കാദമിയായിരുന്നു ഇത്. 10 ഹെക്ടർ വിസ്തൃതിയുള്ള കേന്ദ്രത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ രഹസ്യ ആയുധപരിശീലനവും കായിക പരിശീലനവും നടന്നിരുന്നുവെന്നും എൻ ഐ എ സ്ഥിരീകരിച്ചു. കേന്ദ്രത്തില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതിന്റെ തെളിവുകളും പരിശോധനയിലൂടെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്.

നാഷണല്‍ ഡെവലപ്മെന്‍റ് ഫ്രണ്ട് (എന്‍ ഡി എഫ്) ആയിരുന്ന കാലത്താണ് കേന്ദ്രം സ്ഥാപിക്കപ്പെടുന്നത്. ഈ സംഘടനയുള്‍പ്പടെ ചേർന്നാണ് പിന്നീട് പോപ്പുലർ ഫ്രണ്ടായി മാറുന്നത്. എന്‍ഡിഎഫ് പ്രവർത്തകരും നേരത്തെ ഈ കേന്ദ്രം നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിരുന്നു. കൊച്ചി എന്‍ഐഎ യൂണിറ്റില്‍ നിന്നുള്ള സംഘമാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ ഗ്രിന്‍വാലി അക്കാദമിയിലെത്തി സ്ഥാപനം കണ്ടുകെട്ടിയത്.

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി കണ്ടുകെട്ടുന്ന സംഘടനയുടെ പത്തൊന്‍പതാമത്തെ വസ്തുവാണ് ഗ്രീന്‍വാലി അക്കാദമി. യുഎ(പി)എ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് നടപടി. പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലന കേന്ദ്രമാണ് ഗ്രീൻവാലി അക്കാദമിയെന്നാണ് എൻ ഐ എ വ്യക്തമാക്കുന്നത്. ഏതാനും മാസം മുൻപ് കേന്ദ്രത്തിൽ എൻ ഐ എ നടത്തിയ പരിശോധനയിൽ ലഘുലേഖകളും മറ്റ് പ്രസിദ്ധീകരണങ്ങളും കണ്ടെത്തിയിരുന്നു.

കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളിൽ പ്രതികളായ പി എഫ് ഐ അംഗങ്ങളെ സംരക്ഷിക്കാനും ഇവിടെ സൗകര്യമൊരുക്കിയിരുന്നുവെന്നാണ് എന്‍ ഐ എ വാദിക്കുന്നത്. പി എഫ് ഐ ഓഫീസിന് പുറമെ മറ്റു മുൻനിര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിച്ചുവരുന്നുണ്ട്. അക്കാദമിയിലെ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയില്‍നിന്ന് ഏതാനും പുസ്തകങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

വിവിധ കേസുകളിലായി നേരത്തെ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും സ്ഥാപനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി. ഗ്രീന്‍വാലി അക്കാദമിക്കുകീഴില്‍ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. മലബാർ ഹൗസ്, പെരിയാർ വാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്, ട്രിവാൻഡ്രം എഡ്യുക്കേഷൻ സർവീസ് ട്രസ്റ്റ് എന്നിവയാണ് നേരത്തെ എൻഐഎ കണ്ടുകെട്ടിയ പി എഫ് ഐ കേന്ദ്രങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker