കുവൈത്ത് ദുരന്തം:മരിച്ചത് 24 മലയാളികൾ, മൃതദേഹങ്ങൾ എത്രയുംപെട്ടെന്ന് നാട്ടിലെത്തിക്കാൻ ശ്രമം- നോർക്ക
തിരുവനന്തപുരം: കുവൈത്തിലെ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. 24 മലയാളികളാണ് തീപിടുത്തത്തിൽ മരിച്ചതെന്നാണ് നോർക്ക പുറത്തുവിടുന്ന വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരികരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്നും അതിന് ശേഷം മാത്രമേ ഔദ്യോഗിക കണക്കായി പരിഗണിക്കാൻ സാധിക്കൂ എന്നും നോർക്ക സിഇഒ വ്യക്തമാക്കി. 7 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. തിരിച്ചറിയാത്ത മൃതദേഹങ്ങളുമുണ്ട്. ഡിഎൻഎ പരിശോധനക്ക് ശേഷം മാത്രമേ ഇത് ആരുടെയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും നോർക്ക വ്യക്തമാക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുളള നടപടികൾ പുരോഗമിക്കുകയാണ്.
നോര്‍ക്കയുടെ രണ്ട് ഹെല്‍പ്പ് ഡെസ്‌കുകളാണ് പ്രവര്‍ത്തിക്കുന്നത്.എട്ടോളം പേര്‍ കുവൈത്തിലെ ഹെല്‍പ്പ് ഡെസ്‌കിലുണ്ട്. ഇവര്‍ മോര്‍ച്ചറിയിലും ആശുപത്രിയിലും മറ്റു സ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ നോര്‍ക്കയുടെ ഗ്ലോബല്‍ കോണ്‍ടാക്റ്റ് സെന്ററിലെ ഹെല്‍പ്പ് ഡെസ്‌ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. നോര്‍ക്കയുടെ ടോള്‍ ഫ്രീ നമ്പരാണിത്. കുവൈത്തില്‍ വിവിധ അസോസിയേഷനുകളുടെ സഹായത്തോടെ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ രണ്ടു ഡെസ്‌കുകളും വിവരം പരസ്പരം കൈമാറുന്നുണ്ട്.
മരിച്ചവരുടെ മൃതശരീരം കമ്പനിയാണ് തിരിച്ചറിയേണ്ടതെന്നും അതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കമ്പനി തിരിച്ചറിഞ്ഞാലേ ഔദ്യോഗികമായി മരണം സ്ഥിരീകരിക്കൂ. ഔദ്യോഗിക സ്ഥിരീകരണത്തിനുവേണ്ടി കാത്തിരിക്കുകയാണ്. എങ്കിലും 24 പേര്‍ മരിച്ചതായാണ് നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍. എംബസിയുമായി നിരന്തരം ആശയവിനിമയം നടത്തുന്നു. പരിക്കേറ്റവരെ നാട്ടിലെത്തിക്കുന്ന കാര്യം സര്‍ക്കാര്‍ ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.