പെൺകുട്ടിയെ കണ്ടിട്ടില്ല, ബ്ലാക്ക്മെയിലാണോ എന്ന് സംശയം;ആരോപണം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മാധ്യമങ്ങളെക്കണ്ട് നിവിൻ പോളി
കൊച്ചി : തനിക്കെതിരായ ആരോപണങ്ങളെത്തുടർന്ന് വാർത്താസമ്മേളനം വിളിച്ച് നടൻ നിവിൻ പോളി. അങ്ങനെയൊരു പെൺകുട്ടിയെ അറിയില്ലെന്നും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാ രഹിതമായ ആരോപണങ്ങളാണിതെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും നിവിൻ വ്യക്തമാക്കി.
ഓടിയൊളിക്കേണ്ട കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ഇന്ന് തന്നെ വാർത്താസമ്മേളനം വിളിച്ചത്. നിയമപരമായി പോരാടും. എന്നെക്കൊണ്ടാവുന്ന രീതിയിൽ നിരപരാധിത്വം തെളിയിക്കും. എല്ലാവർക്കും ജീവിക്കണമല്ലോ. നാളെ ആർക്കെതിരെയും ആരോപണം വരാം. അവർക്കെല്ലാവർക്കും വേണ്ടിയാണ് ഞാനിത് സംസാരിക്കുന്നത്. ഏതന്വേഷണവുമായും സഹകരിക്കും. എനിക്കെതിരെയുള്ളത് മനഃപൂർവമായ ആരോപണമാണ്. ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ട്. ബ്ലാക്ക്മെയിൽ ആണോ എന്ന് സംശയമുണ്ട്.
പുതിയ പരാതി വായിച്ചിട്ടില്ല. ഇന്നത്തെ എഫ്ഐആറിനെക്കുറിച്ച് അറിയില്ല. ഒന്നരമാസം മുൻപാണ് ഊന്നുകൽ സ്റ്റേഷനിൽനിന്ന് സി.ഐ വിളിച്ചത്. അന്നത്തെ എഫ്.ഐ.ആർ.ഫോൺ വിളിച്ച് വായിച്ചു കേൾപ്പിച്ചതാണ്. എനിക്കിതിനെക്കുറിച്ച് അറിയില്ല, നേരിട്ട് വരണമെങ്കിൽ വരാം എന്ന് തിരിച്ച് പോലീസിനോട് പറഞ്ഞപ്പോൾ അതിന്റെ ആവശ്യമില്ലെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്. പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടു. പരാതി കിട്ടിയപ്പോൾ അതിന്റെ നടപടിക്രമമായിട്ട് വിളിച്ച് ചോദിച്ചു എന്നായിരുന്നു മറുപടി.
ഓഡിഷനുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ ആരോപണം ഉയർന്നപ്പോൾതന്നെ അതിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ ഓഡീഷൻ നടന്നിട്ടില്ല എന്നായിരുന്നു സംവിധായകൻ ആ സമയത്ത് പറഞ്ഞത്.
പരാതിക്കാരി ഉന്നയിക്കുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടത് പോലീസാണ്. ഇവരെക്കുറിച്ച് എനിക്ക് അറിയില്ല. ഇവർ ആരാണെന്നറിയില്ല. ഫോൺ വിളിച്ചിട്ടില്ല, മെസേജയച്ചിട്ടില്ല അത്തരത്തിൽ ഒരു തരത്തിലുള്ള ബന്ധവുമില്ല. പലയിടത്തും പോകുമ്പോൾ പലരും സെൽഫി ഒക്കെ എടുക്കാറുണ്ട്. അത്തരത്തിൽ ഫോട്ടോ എടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അല്ലാതെയുള്ള ഒരു രീതിയിലുള്ള ബന്ധവും ഈ പെൺകുട്ടിയുമായിട്ടില്ല.
നിയമോപദേശം തേടും. അന്വേഷണത്തെ ബഹുമാനിക്കുന്നു. വ്യാജപരാതിയാണ് എന്ന കാര്യം തെളിയിക്കണം. ഇതിന്റെ മറുവശം എന്താണെന്നുവെച്ചാൽ ആരെക്കുറിച്ചും എപ്പോൾ വേണമെങ്കിലും പരാതി വരാം എന്ന തരത്തിലാണ്. ഇതിന് ഒരറുതി വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
കുടുംബത്തിനെയാണ് ഇത് ഏറെ ബാധിക്കുന്നത്. അവർ ഇപ്പോൾ എന്റെ കൂടെത്തന്നെ ഉണ്ട്. നിയമത്തിന്റെ ഏതറ്റം വരെ പോകാൻ പറ്റുന്നുവോ അതുവരെ പോകും. ഞാൻ പോരാടും. എനിക്കുവേണ്ടി മാത്രമല്ല, ഇതേപോലെ വ്യക്തിത്വത്തെ നശിപ്പിക്കാൻ തരത്തിൽ പരാതികളുയരാൻ സാധ്യതയുള്ളതിനെതിരേയാണ് പോരാട്ടം. ഈ യാത്ര തുടർന്നേ പറ്റൂ – നിവിൻ പോളി പറഞ്ഞു.