32.8 C
Kottayam
Friday, March 29, 2024

സാത്താന്‍ ഷൂസിന്‍റെ വില്‍പ്പനയ്ക്കെതിരെ നൈക്കി രംഗത്ത്, കോപ്പിയടിയെന്ന് പരാതി

Must read

ന്യൂയോര്‍ക്ക്: മനുഷ്യ രക്തം അടങ്ങിയതെന്ന് അവകാശപ്പെടുന്ന സാത്താന്‍ ഷൂസിന്‍റെ വില്‍പ്പനയ്ക്കെതിരെ പ്രശസ്ത സ്പോര്‍ട്സ് ഷൂ ബ്രാന്‍ഡായ നൈക്കി. അമേരിക്കയിലെ പ്രശസ്ത റാപ്പ് സംഗീതഞ്ജന്‍ ലില്‍ നാസ് എക്സുമായി ചേര്‍ന്ന് ബ്രൂക്ക്ലിന്‍ അടിസ്ഛാനമായി പ്രവര്‍ത്തിക്കുന്ന എംഎസ്‍സിഎച്ച്എഫ് എന്ന കമ്പനി നിര്‍മ്മിച്ച സാത്താന്‍ ഷൂസാണ് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്.

നൈക്കിയുടെ ഏറെ പ്രചാരത്തിലുള്ള എയര്‍ മാക്സ് 97 എന്ന മോഡലിന് രൂപമാറ്റം വരുത്തിയാണ് സാത്താന്‍ ഷൂസ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് നൈക്കി ആരോപിക്കുന്നത്.തിങ്കളാഴ്ച ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വച്ച സാത്താന്‍ ഷൂസ് എല്ലാം തന്നെ വിറ്റുപോയിരുന്നു.

കറുപ്പും ചുവപ്പും നിറത്തില്‍ ഡെവിള്‍ തീമിലുള്ള സാത്താന്‍ ഷൂസിന്‍റെ സോളില്‍ മനുഷ്യ രക്തമുണ്ടെന്നായിരുന്നു എംഎസ്‍സിഎച്ച്എഫ് അവകാശപ്പെട്ടത്. 666 ഷൂസുകളാണ് എംഎസ്‍സിഎച്ച്എഫ് ഇത്തരത്തില്‍ വില്‍പനയ്ക്ക് എത്തിച്ചത്. അവയെല്ലാം തന്നെ വിറ്റുപോയിരുന്നു. ഈ ലിമിറ്റഡ് എഡിഷന്‍ ഷൂസില്‍ നൈക്കിയുടെ ലോഗോ അടക്കമുള്ള ഘടകങ്ങള്‍ ഉണ്ടെന്നും നൈക്കി വിശദമാക്കുന്നു

തലതിരിച്ച് വച്ച കുരിശും പെന്‍റഗ്രാമും ബൈബിളിലെ ലൂക്കയുടെ 10:18 വചനങ്ങളിലേക്കുള്ള സൂചനയും അടങ്ങിയതാണ്. സ്വര്‍ഗത്തില്‍ നിന്നുള്ള സാത്താന്‍റെ പതനത്തേക്കുറിച്ച് വിശദമാക്കുന്നതാണ് ബൈബിളിലെ ഈ ഭാഗം. വില്‍പനയ്ക്ക് വച്ച് ഒരു മിനിറ്റിനുള്ളില്‍ 666 ജോടി ഷൂസുകളും വിറ്റുപോയതായാണ് റിപ്പോര്‍ട്ട്.

666 എന്ന അക്കത്തിനെ ചുറ്റിപ്പറ്റിയും നിരവധി അന്ധവിശ്വാസമുണ്ട്. 1018 ഡോളര്‍(74634 രൂപ) നാണ് സാത്താന്‍ ഷൂസ് വില്‍പനയ്ക്ക് എത്തിച്ചത്. തന്‍റെ ട്വീറ്റ് പങ്കുവയ്ക്കുന്ന തെരഞ്ഞെടുത്ത ആള്‍ക്കാവും 666ാമത്തെ ഷൂസ് എന്നായിരുന്നു റാപ്പ് ഗായകന്‍ ലില്‍ നാസ് എക്സ് ട്വീറ്റ് ചെയ്തത്.

അനുമതി കൂടാതെയാണ് ഷൂസ് ഡിസൈന്‍ എംഎസ്‍സിഎച്ച്എഫ് ഉപയോഗിച്ചതെന്ന് ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയില്‍ നൈക്കിയുടെ പരാതി വ്യക്തമാക്കുന്നു. സാത്താന്‍ ഷൂസുമായി ഒരു ബന്ധവുമില്ലാത്ത നൈക്കിയുടെ ഷൂസിന്‍റെ മോഡല്‍ ഈ ആവശ്യത്തിലേക്ക് ഉപയോഗിച്ചത് നൈക്കിയെ ബാധിച്ചെന്നും പരാതി വിശദമാക്കുന്നു.

സാത്താന്‍ ഷൂസെന്ന പേരില്‍ വിറ്റഴിച്ച ഷൂസിന്‍റെ മോഡല്‍ കണ്ട് അത് നൈക്കിയുടേതാണെന്ന് തെറ്റിധരിച്ച് നൈക്കിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week