പ്രമുഖ നടിക്ക് കൊവിഡ് സ്ഥിരീകരിച്ചു
പ്രമുഖ നടിയും മുന്‍ മിസ് വേള്‍ഡുമായ നതാഷ സൂരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് തന്റെ കൊവിഡ് പരിശോധനഫലം പോസിറ്റീവാണെന്ന് അറിയിച്ചത്. താരം ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. മുപ്പത്തിയൊന്നുകാരിയായ സൂരി ഈ മാസം ആദ്യവാരം പൂനെയില്‍ പോയിരുന്നു. തിരിച്ച് മുംബയിലെത്തിയപ്പോള്‍ തനിക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നെന്ന് നടി പറഞ്ഞു.
‘ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്താണ് ഞാന്‍ പൂനെയില്‍ പോയത്. ആഗസ്റ്റ് മൂന്നിന് തിരിച്ചെത്തിയപ്പോള്‍ എനിക്ക് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടു. തുടര്‍ന്ന് കൊവിഡ് പരിശോധനയ്ക്ക് വിധേയമാകുകയായിരുന്നു. ഫലം വന്നപ്പോള്‍ പോസിറ്റീവ്’- നടി പി.ടി.ഐയോട് വെളിപ്പെടുത്തി.
സഹോദരിയ്ക്കും, മുത്തശ്ശിക്കും കൊവിഡ് സ്ഥിരീകരിച്ചതായി താരം വ്യക്തമാക്കി. ദിലീപ് നായകനായ കിംഗ് ലയറിലൂടെ മലയാളികള്‍ക്കും നതാഷ സുപരിചിതയാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം എംഎക്‌സ് പ്ലെയര്‍ സീരീസായ ഡേഞ്ചറസിന്റെ പ്രമോഷണല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കുമെന്നും താരം വ്യക്തമാക്കി.