27.3 C
Kottayam
Tuesday, April 30, 2024

സഞ്ജുവിന്റെ തന്ത്രങ്ങള്‍ ഫലിച്ചു,മുംബൈയെ എറിഞ്ഞൊതുക്കി രാജസ്ഥാന്‍,പാണ്ഡ്യയെ ഇന്നും കൂവി സ്വന്തം കാണികള്‍

Must read

മുംബൈ: ഐപിഎല്ലില്‍ ആദ്യ ഹോം മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ഹോം ഗ്രൗണ്ടിലും ബാറ്റിംഗ് തകര്‍ച്ച. രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്കോറര്‍. മൂന്ന് വിക്കറ്റ് വീതമെടുത്ത ട്രെന്‍റ് ബോള്‍ട്ടും യുസ്‌വേന്ദ്ര ചാഹലും ചേര്‍ന്നാണ് മുംബൈയെ എറിഞ്ഞിട്ടത്.

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ മുംബൈക്ക് ട്രെന്‍റ് ബോള്‍ട്ടെറിഞ്ഞ ആദ്യ ഓവറില്‍ തന്നെ അടിതെറ്റി. അഞ്ചാം പന്തില്‍ രോഹിത് ശര്‍മയെ വിക്കറ്റിന് പിന്നില്‍ സ‍്ജുവിന്‍റെ കൈകളിലേക്ക് പറഞ്ഞയച്ച ബോള്‍ട്ട് അടുത്ത പന്തില്‍ നമന്‍ ധിറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ടുപേരും നേരിട്ട ആദ്യ പന്തില്‍ പുറത്തായി ഗോള്‍ഡന്‍ ഡക്കായി. അവിടംകൊണ്ട് തീര്‍ന്നില്ല, തന്‍റെ അടുത്ത ഓവറില്‍ ഡെവാള്‍ഡ് ബ്രെവിസിനെക്കൂടി(0) ഗോള്‍ഡന്‍ ഡക്കാക്കിയ ബോള്‍ട്ട് മുംബൈയുടെ ബോള്‍ട്ടൂരി. പിന്നാലെ പ്രതീക്ഷ നല്‍കിയ ഇഷാന്‍ കിഷനെ(16) അസാധ്യമായൊരു പന്തില്‍ നാന്ദ്രെ ബര്‍ഗര്‍ വിക്കറ്റിന് പിന്നില്‍ സഞ്ജുവിന്‍റെ കൈകളിലെത്തിച്ചു.

ഇതോടെ 20-4ലേക്ക് വീണ മുംബൈക്ക് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും തിലക് വര്‍മയുടെയും പ്രത്യാക്രമണം നേരിയ പ്രതീക്ഷ നല്‍കി. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് മുംബൈയെ 45 റണ്‍സില്‍ എത്തിച്ചു. പത്താം ഓവറില്‍ 75 റണ്‍സിലെത്തിയ മുംബൈ മാന്യമായ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ ക്യാപ്റ്റന്‍റെ അമിതാവേശം വിനയായി. ചാഹലിനെ സിക്സിന് പറത്താനുള്ള ഹാര്‍ദ്ദിക്കിനെ(21 പന്തില്‍ 34) റൊവ്മാന്‍ പവല്‍ ഓടിപ്പിടിച്ചു.

പിന്നീട് ക്രീസിലെത്തിയത് പിയൂഷ് ചൗളയായിരുുന്നു. ചൗളയെ(3)ആവേശ് ഖാന്‍റെ പന്തില്‍ ഷിമ്രോണ്‍ ഹെറ്റ്മെയര്‍ പറന്നു പിടിച്ചപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ നോക്കിയ തിലക് വര്‍മയെ(29 പന്തില്‍ 32) അശ്വിന്‍ പറന്നുപിടിച്ചു. അവസാന ഓവറുകളില്‍ അടിച്ചു തകര്‍ക്കുമെന്ന് കരുതിയ ‍ടിം ഡേവിഡും(24 പന്തില്‍ 17) നനഞ്ഞ പടക്കമായതോടെ മുംബൈ സ്കോര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സില്‍ അവസാനിച്ചു.

ഐപിഎല്ലില്‍ ഹോം ഗ്രൗണ്ടിലിറങ്ങിയപ്പോഴും മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് കൂവല്‍. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണൊപ്പം ടോസിനായി ഇറങ്ങിയ ഹാര്‍ദ്ദിക്കിനെ അവതാരകനായ സഞ്ജയ് മഞ്ജരേക്കര്‍ പേരെടുത്ത് പറഞ്ഞപ്പോഴാണ് മുംബൈയിലെ കാണികള്‍ കൂവിയത്. പിന്നാലെ മുംബൈയിലെ കാണികളോട് അല്‍പം മര്യാദ കാട്ടൂവെന്നും മുംബൈ നായകന് വലിയൊരു കൈയടി കൊടുക്കൂവെന്നും മഞ്ജരേക്കര്‍ പറഞ്ഞപ്പോഴും കാണികള്‍ കൂവല്‍ ആവര്‍ത്തിച്ചു.

ടോസിനുശേഷം ജിയോ സിനിമയില്‍ നടന്ന ചര്‍ച്ചയില്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ പറഞ്ഞത് ഒരു ഹോം ക്യാപ്റ്റനെ കാണികള്‍ ഇങ്ങനെ കൂവുന്നത് കാണുന്നത് ആദ്യമായി കാണുകയാണെന്നായിരുന്നു. കാണികളുടെ കൂവലിനോട് കൃത്രിമ ചിരിയോടെയായിരുന്നു ഹാര്‍ദ്ദിക്കിന്‍റെ പ്രതികരണം.

സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ മുംബൈ ഇന്ത്യന്‍സ് ആദ്യമായാണ് ഹോം മത്സരത്തിനിറങ്ങുന്നത്.മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് രാജസ്ഥാന്‍ ഇറങ്ങിയത്. പരിക്കുള്ള സന്ദീപ് ശര്‍മക്ക് പകരം നാന്ദ്രെ ബര്‍ഗര്‍ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ മുംബൈ ടീമില്‍ മാറ്റങ്ങളൊന്നുമില്ല.

ഹാര്‍ദ്ദിക്കിനെ കൂവുന്നവരെ സ്റ്റേഡിയത്തിന് പുറത്താക്കാന്‍ നിര്‍ദേശം നല്‍കിയെന്ന വാര്‍ത്തകള്‍ ഇന്നലെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ നിഷേധിച്ചിരുന്നു. ബിസിസിഐ നല്‍കി മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമാണ് നടപ്പാക്കുകയെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.

മുംബൈ ഇന്ത്യൻസ് പ്ലേയിംഗ് ഇലവന്‍:  ഇഷാൻ കിഷൻ , രോഹിത് ശർമ, നമാൻ ധിർ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ടിം ഡേവിഡ്, ജെറാൾഡ് കൊറ്റ്‌സി, ഷംസ് മുലാനി, പിയൂഷ് ചൗള, ജസ്പ്രീത് ബുംറ, ക്വേന മഫാക.

രാജസ്ഥാന്‍ റോയല്‍സ് പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്‌സ്വാൾ, ജോഷ് ബട്‌ലർ, സഞ്ജു സാംസൺ (ക്യാപ്റ്റൻ), റിയാൻ പരാഗ്, ഷിമ്‌റോൺ ഹെറ്റ്‌മെയർ, ധ്രുവ് ജൂറൽ, രവിചന്ദ്രൻ അശ്വിൻ, ട്രെൻ്റ് ബോൾട്ട്, യുസ്‌വേന്ദ്ര ചാഹൽ, നാന്ദ്രെ ബര്‍ഗര്‍, ആവേശ് ഖാൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week