26 C
Kottayam
Thursday, May 16, 2024

വി.വി.പാറ്റ് സ്ലിപ്പുകള്‍ പൂര്‍ണ്ണമായി എണ്ണണമെന്ന്‌ ആവശ്യം: തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസയച്ച് സുപ്രീം കോടതി

Must read

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം (ഇ.വി.എം) 100 ശതമാനം വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വി.വി.പാറ്റ്) രസീതുകള്‍ കൂടി എണ്ണണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രീം കോടതി. നിലവില്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും തിരഞ്ഞെടുക്കുന്ന അഞ്ച് ഇ.വി.എമ്മുകളിലെ വി.വി.പാറ്റ് സ്ലിപ്പുകള്‍ മാത്രമാണ്‌എണ്ണുന്നത്. ഇതിന് പകരം എല്ലാ വോട്ടിങ് മെഷീനൊപ്പവും ഉള്ള വിവിപാറ്റുകളിലേയും സ്ലിപ്പുകള്‍ എണ്ണണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചത്. സമാനമായ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പം ഈ ഹര്‍ജിയും ടാഗ് ചെയ്തുകൊണ്ടാണ് ബെഞ്ച് ഉത്തരവിറക്കിയത്.

ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന ക്രമത്തില്‍ വേണം വി.വി.പാറ്റ് എണ്ണാന്‍ എന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗനിര്‍ദേശത്തേയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഇത് അനാവശ്യമായ കാലതാമസം ഉണ്ടാക്കുമെന്നും ഒരേസമയം കൂടുതല്‍ വി.വി.പാറ്റ് വോട്ടുകള്‍ എണ്ണാന്‍ അനുവദിക്കുകയും വോട്ടെണ്ണാനായി ഓരോ മണ്ഡലത്തിലും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്താല്‍ അഞ്ചോ ആറോ മണിക്കൂര്‍ കൊണ്ട് മുഴുവന്‍ വി.വി.പാറ്റ് വോട്ടുകളും എണ്ണാന്‍ കഴിയുമെന്ന് ഹര്‍ജിയില്‍ പറയുന്നു.

’24 ലക്ഷത്തോളം വി.വി.പാറ്റ് വോട്ടിങ് മെഷീനുകള്‍ വാങ്ങാനായി 5000 കോടി രൂപയോളമാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. എന്നാല്‍ നിലവില്‍ വെറും ഇരുപതിനായിരത്തോളം ഇ.വി.എമ്മുകളിലെ വി.വി.പാറ്റ് വോട്ടുകള്‍ മാത്രമേ എണ്ണുന്നുള്ളൂ. വി.വി.പാറ്റ് എണ്ണിയപ്പോഴുണ്ടായ ഫലവും ഇ.വി.എമ്മില്‍ നിന്നുള്ള ഫലവും തമ്മില്‍ വലിയ അന്തരമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

അതിനാല്‍ വി.വി.പാറ്റ് രസീതുകള്‍ പൂര്‍ണ്ണമായി എണ്ണണം. കൂടാതെ വോട്ടര്‍ക്ക് തന്റെ വോട്ട് കൃത്യമായി സ്ഥിരീകരിക്കാന്‍ അവസരമൊരുക്കണം. ഇതിനായി വി.വി.പാറ്റ് രസീത് സ്വയം ബാലറ്റ് പെട്ടിയിലിടാന്‍ വോട്ടര്‍മാരെ അനുവദിക്കണം.’ -ഹര്‍ജിയില്‍ പറയുന്നു.മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനും നേഹ റാത്തിയുമാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week