മലയാള സിനിമയിലെ ഏറ്റവും മൂല്യമുള്ള താരം, പ്രതിഫല കണക്കിലും മുന്‍പില്‍; മോഹന്‍ലാലിന്റെ ആസ്തി എത്ര?
കൊച്ചി:ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്‍മാരിലൊരാള്‍ എന്ന് പേരെടുത്ത താരമാണ് മോഹന്‍ലാല്‍. 40 വര്‍ഷം നീണ്ട കരിയറില്‍ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളെല്ലാം മോഹന്‍ലാല്‍ കരസ്ഥമാക്കിയിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 400 ഓളം സിനിമകളില്‍ മോഹന്‍ലാല്‍ വേഷമിട്ടിട്ടുണ്ട്. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായകനടനാണ് മോഹന്‍ലാല്‍.
മലൈക്കോട്ടെ വാലിബാന്‍, എമ്പുരാന്‍, റാം, ബറോസ് തുടങ്ങി നിരവധി സിനിമകള്‍ മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനുണ്ട്. മോളിവുഡ് ബോക്‌സോഫീസിലെ മിക്ക റെക്കോഡുകളും മോഹന്‍ലാലിന്റെ പേരിലാണ്. മലയാളത്തില്‍ ആദ്യമായി 50 കോടി, 100 കോടി, 150 കോടി കളക്ഷന്‍ ലഭിച്ച സിനിമകളെല്ലാം മോഹന്‍ലാലിന്റേതാണ്. അഭിനയത്തിന് പുറമെ ഗായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ കൂടി പ്രശസ്തനായ മോഹന്‍ലാലിന്റെ ആകെ ആസ്തി എത്രയാണ് എന്ന് നോക്കാം.
1980 കളില്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ് മോഹന്‍ലാല്‍ അഭിനയരംഗത്തെത്തുന്നത്. പിന്നീട് സഹനടനായും നായകനായും തിളങ്ങി. രാജാവിന്റെ മകന്‍ എന്ന സിനിമയിലൂടെ സൂപ്പര്‍താര പദവിയിലേക്കുയര്‍ന്ന മോഹന്‍ലാല്‍, മമ്മൂട്ടിക്കൊപ്പം 40 വര്‍ഷമായി മലയാള സിനിമയുടെ ഐക്കണായി നില കൊള്ളുന്നു. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് മോഹന്‍ലാല്‍.
ഒരു സിനിമക്ക് മോഹന്‍ലാല്‍ ഏകദേശം എട്ട് കോടിയോളം രൂപയാണ് പ്രതിഫലമായി കൈപ്പറ്റുന്നത്. ഏകദേശം 5 മില്യണ്‍ ഡോളര്‍ (41 കോടി രൂപ) ആണ് മോഹന്‍ലാലിന്റെ വാര്‍ഷിക വരുമാനം. 2023 ലെ കണക്ക് അനുസരിച്ച് മോഹന്‍ലാലിന്റെ ആസ്തി 50 മില്യണ്‍ ഡോളര്‍ (243 കോടി രൂപ) ആണെന്നാണ് സിഎ നോളേജ് എന്ന വെബ്‌സൈറ്റ് പറയുന്നത്. അഭിനയത്തിന് പുറമെ പരസ്യം, ടിവി ഷോ എന്നിവയിലൂടേയും മോഹന്‍ലാലിന് വരുമാനം ലഭിക്കുന്നുണ്ട്.
പരസ്യങ്ങളില്‍ നിന്നും ബ്രാന്‍ഡ് അംഗീകാരങ്ങളില്‍ നിന്നും മാത്രം അദ്ദേഹം പ്രതിവര്‍ഷം ഒന്ന് മുതല്‍ രണ്ട് മില്യണ്‍ ഡോളര്‍ വരെ സമ്പാദിക്കാറുണ്ട്. മോഹന്‍ലാലിന് കൊച്ചിയിലും തിരുവനന്തപുരത്തും വീടുകളുണ്ട്. നൂറുകണക്കിന് ഏക്കര്‍ കൃഷിഭൂമിയും സ്വന്തമായുണ്ട്. എഗ്മോര്‍, ചെന്നൈ എന്നിവിടങ്ങളിലും വസ്തുവുണ്ട്.
ടാറ്റ സ്‌കൈ, ബിപിഎല്‍, കെഎല്‍എഫ്, കോക്കനാട് കോക്കനട്ട് ഓയില്‍, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്, ടാറ്റ ഗ്ലോബല്‍ ബിവറേജസ്, കേരള സ്റ്റേറ്റ് അത്ലറ്റിക്സ്, ശുഭയാത്ര 2015, മൃതസഞ്ജീവനി, കേരള ഹാന്‍ഡ്ലൂം ഇന്‍ഡസ്ട്രീസ്, എല്‍.ജി. ഇലക്ട്രോണിക്സ്, എം.സി.ആര്‍., കൊച്ചി ഇന്റര്‍നാഷണല്‍ ഹാഫ് മാരത്തണ്‍, ഹോട്ട്സ്റ്റാര്‍ തുടങ്ങി നിരവധി ബ്രാന്‍ഡുകളുടെ മോഡലാണ് മോഹന്‍ലാല്‍.
ഡബ്ല്യു221 മെഴ്സിഡസ് ബെന്‍സ് എസ്-ക്ലാസ്, മെഴ്സിഡസ് ബെന്‍സ് ജിഐ350 സിഡിഐ, ടൊയോട്ട ഇന്നോവ, ടൊയോട്ട വെല്‍ഫയര്‍, ഓജസ് കോച്ച് കാരവന്‍ ഓട്ടോമൊബൈല്‍സ് എന്നിവ അടക്കം അതുല്യമായ വാഹന ശേഖരവും മോഹന്‍ലാലിന്റെ കാര്‍ ഗാര്യേജിലുണ്ട്. എല്ലാ കാറുകളുടെയും ആകെ വില 20 കോടി രൂപയില്‍ അധികമാകുമെന്നാണ് കണക്കാക്കുന്നത്.