NationalNews

മുഹമ്മദ് ഷമി ബിജെപിയിലേക്ക്, ബിഎസ്പിക്കെതിരെ സ്ഥാനാര്‍ത്ഥിയാകും? റിപ്പോര്‍ട്ട്

ന്യൂഡൽഹി:ലോകകപ്പിലെ അലയൊലികള്‍ അടങ്ങും മുന്‍പ് ഇന്ത്യയുടെ സൂപ്പര്‍ഹീറോ മുഹമ്മദ് ഷമിയുടെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകുന്നു. ഷമി ബി ജെ പിയില്‍ ചേരാനിരിക്കുകയാണ് എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരോടൊപ്പമുള്ള ഷമിയുടെ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്.

ബി ജെ പി നേതാവ് അനില്‍ ബലൂനിയുടെ ദല്‍ഹിയിലെ വസതിയില്‍ സംഘടിപ്പിച്ച ഈഗാസ് ആഘോഷത്തില്‍ മുഹമ്മദ് ഷമി പങ്കെടുത്തിരുന്നു. ഉത്തരാഖണ്ഡിലെ പുരാതനമായ ഒരു പരമ്പരാഗത ഉത്സവമാണ് ഈഗാസ്. ഈ ആഘോഷത്തില്‍ മുഖ്യാതിഥികളിലൊരാളായാണ് മുഹമ്മദ് ഷമി പങ്കെടുത്തത്. ഷമിയെ കൂടാതെ അമിത് ഷാ, അജിത് ഡോവല്‍ എന്നിവരുള്‍പ്പെടെ ബി ജെ പിയിലെ നിരവധി പ്രമുഖ നേതാക്കളും പങ്കെടുത്തു.

പ്രശസ്ത ബോളിവുഡ് ഗായകന്‍ ജുബിന്‍ നൗട്ടിയലും പരിപാടിയുടെ ഭാഗമായിരുന്നു. അമിത് ഷായുമായി ഷമി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വ്യാപകമാകാന്‍ തുടങ്ങിയത്. ഷമിയെ ഒപ്പം നിര്‍ത്തി ബി ജെ പിക്ക് തന്ത്രപരമായ പദ്ധതികള്‍ മെനയുന്നു എന്നാണ് ഫ്രീപ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പൊതുവെ ന്യൂനപക്ഷങ്ങളോട് മുഖം തിരിക്കുന്ന യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ലോകകപ്പിലെ ഷമിയുടെ മികച്ച പ്രകടനത്തോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ സ്വന്തം ഗ്രാമമായ അംറോഹയില്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ നിരാശാജനകമായ തോല്‍വിക്ക് ശേഷം ടീമിനെ ആശ്വസിപ്പിക്കാന്‍ ഡ്രസ്സിംഗ് റൂം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഷമിയെ ആലിംഗനം ചെയ്തിരുന്നു.

ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിയിരുന്നു. ഇതെല്ലാം കൂടി ബന്ധിപ്പിച്ചാണ് ഇപ്പോള്‍ ഷമിയുടെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ സജീവമാകുന്നത്. നിലവില്‍ അംറോഹയില്‍ നിന്നുള്ള ലോക്സഭാംഗമായ ബി എസ് പിയുടെ ഡാനിഷ് അലിക്കെതിരെ ബി ജെ പി ഷമിയെ മത്സരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. നേരത്തെ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഷമി രംഗത്തെത്തിയിരുന്നു.

മോദി ഡ്രെസിംഗ് റൂമില്‍ എത്തി ടീമംഗങ്ങളെ ആശ്വസിപ്പിച്ചതിന് പിന്നാലെയായിരുന്നു ഇത്. ഡ്രസ്സിംഗ് റൂമില്‍ വെച്ച് പ്രധാനമന്ത്രി കളിക്കാരോട് സംസാരിച്ചത് അവര്‍ക്ക് ആത്മവിശ്വാസം നല്‍കി ഷമി പറഞ്ഞിരുന്നു. ഇത്തരം പ്രവൃത്തികള്‍ പ്രധാനമാണ് എന്നും ഷമി വ്യക്തമാക്കിയിരുന്നു. നിലവില്‍ ദേശീയ ടീമിലെ അവിഭാജ്യഘടകമാണ് ഷമി. 33 കാരനായ ഷമിക്ക് ഈ ഫോമില്‍ തുടര്‍ന്നാല്‍ ഇനിയും കരിയര്‍ ബാക്കിയുണ്ട് എന്ന് വ്യക്തമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker