NationalNews

പൗരത്വ നിയമം നടപ്പിലാക്കാന്‍ പോകുന്നു?കരട് മാര്‍ച്ചിൽ; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിന്റെ അന്തിമ കരട് അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച നടപടികള്‍ അന്തിമ ഘട്ടത്തിലാമ് എന്ന് ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര പറഞ്ഞു. ബംഗ്ലാദേശിലെ മതപീഡനത്തില്‍ നിന്ന് അഭയം തേടിയ ആളുകള്‍ അടങ്ങുന്ന പശ്ചിമ ബംഗാളിലെ മതുവ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ രണ്ട് വര്‍ഷമായി പൗരത്വ നിയമം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജം കൈവരിച്ചു. ചില പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. മതുവകളില്‍ നിന്ന് പൗരത്വ അവകാശങ്ങള്‍ ആര്‍ക്കും തട്ടിയെടുക്കാന്‍ കഴിയില്ല. അടുത്ത വര്‍ഷം മാര്‍ച്ചോടെ പൗരത്വ നിയമത്തിന്റെ അന്തിമ കരട് തയ്യാറാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,’ അജയ് മിശ്ര കൂട്ടിച്ചേര്‍ത്തു.

ബി ജെ പി 2019 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ പൗരത്വ ഭേദഗതി ബില്‍ ഇരുസഭകളിലും പാസാക്കുകയും 2020 ജനുവരിയില്‍ സി എ എ ഇന്ത്യയില്‍ ഒരു നിയമമായി മാറുകയും ചെയ്തു. നിയമം നടപ്പിലാക്കുന്നതിനായി ചട്ടങ്ങള്‍ തയ്യാറാക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച സമിതിക്ക് ലോക്സഭയില്‍ 2024 ജനുവരി 9 വരെയും രാജ്യസഭാ സമിതിക്ക് 2024 മാര്‍ച്ച് 30 വരെയും സമയപരിധിയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

2021 ല്‍ ഠാക്കൂര്‍നഗറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ അവസാനിച്ചുകഴിഞ്ഞാല്‍ കേന്ദ്രം സിഎഎ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്ന മുസ്ലീങ്ങളല്ലാത്തവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് 2020 ല്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമം.

പൗരത്വ നിയമപ്രകാരം 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ ഈ സമുദായങ്ങളില്‍ നിന്നുള്ള ആളുകളെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കാതെ ഇന്ത്യന്‍ പൗരത്വം നല്‍കും. 1947-ലെ ഇന്ത്യാ വിഭജന സമയത്തും 1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധകാലത്തും മതപരമായ പീഡനങ്ങളില്‍ നിന്ന് രക്ഷനേടാന്‍ കിഴക്കന്‍ പാകിസ്ഥാനില്‍ നിന്ന് (ഇപ്പോള്‍ ബംഗ്ലാദേശ്) കുടിയേറിയ ദളിത് നാമസൂദ്ര സമൂഹത്തിന്റെ ഭാഗമാണ് മതുവകള്‍.

ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഠാക്കൂര്‍നഗര്‍ പട്ടണമാണ് അഖിലേന്ത്യാ മതുവ മഹാസംഘത്തിന്റെ ആസ്ഥാനം. ബി ജെ പി നേതാവും കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രിയുമായ ശന്തനു ഠാക്കൂര്‍ ആണ് ഇതിന്റെ പ്രസിഡന്റ്. അതേസമയം അജയ് മിശ്രയുടെ പ്രസ്താവനയ്‌ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ബി ജെ പിക്ക് മതുവ സമുദായത്തേയും പൗരത്വ നിയമത്തേയും ആവശ്യമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പി ശന്തനു സെന്‍ പറഞ്ഞു.

ബംഗാളില്‍ സിഎഎ നടപ്പാക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്നും ശന്തനു സെന്‍ പറഞ്ഞു. ബി ജെ പിയുടെ തെറ്റായ അവകാശവാദങ്ങള്‍ മതുവകള്‍ക്കും മറ്റുള്ളവര്‍ക്കും വ്യക്തമാകുകയാണ്. അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ എല്ലാവരും തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker